മേലാല്‍ ഇത്തരം കേസുമായി ഈ വഴിക്ക് വന്നേക്കരുത് ! രാഹുലിനെതിരേ ഹര്‍ജി നല്‍കി കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി…

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജയിച്ച വയനാട് ലോക്സഭ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി.

കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാണ് പരാതിക്കാരിയ്ക്ക് പിഴ വിധിച്ചത്.

കേസില്‍ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതിയുടെ നടപടി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സരിത എസ് നായര്‍ വയനാട്ടില്‍ നിന്നും എറണാകുളത്ത് നിന്നും മത്സരിക്കാനായി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നതും രണ്ട് കേസിലും ശിക്ഷാ വിധി വന്നതാണെന്നും ചൂണ്ടിക്കാട്ടി നാമനിര്‍ദേശ പത്രികകള്‍ തള്ളിയിരുന്നു.

ഇതിന് പിന്നാലെയാണ് വയനാട്ടില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് സരിത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍ തുടര്‍നടപടികള്‍ക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചെങ്കിലും ഒരിക്കല്‍ പോലും പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ല.

കോടതി നടപടികള്‍ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും ഈ കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല.

തുടര്‍ന്ന് മറ്റു കേസുകളിലേക്ക് കടന്ന കോടതി പിന്നെയും ഈ കേസ് വിളിച്ചു അപ്പോഴും ആരും കേസിനായി ഹാജരായില്ല.

ഇതോടെയാണ് ഹര്‍ജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്.

Related posts

Leave a Comment