സംഘപരിവാര്‍ നയങ്ങള്‍ ബിജെപിക്ക് തിരിച്ചടി: സുധാകര്‍ റെഡ്ഡി

pkd-readdyപാലക്കാട്: അടുക്കളയില്‍വരെ ഒളിഞ്ഞുനോക്കുന്ന ബി ജെ പി സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെ മുഴുവന്‍ ജനങ്ങളും പ്രതികരിക്കേ ണ്ട സമയമായെന്ന്്് സി പി ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പാലക്കാട്ട് പറഞ്ഞു. വാജ്‌പേയി സര്‍ക്കാരി നേക്കാള്‍  നിലവാരം കുറഞ്ഞ ഭരണമാണ് മോദിയുടെ കീഴില്‍ ഇപ്പോള്‍ നടക്കുന്നത്. ബ്രാഹ്മണ്യ മേധാവിത്വം പുലര്‍ത്തുന്ന സംഘപരി വാറിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ലഭിച്ച തിരിച്ചടിയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം. മത്സരിച്ച 500 സീറ്റുകളില്‍ കെട്ടിവെച്ച കാശുപോലും ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കാതെ പോയത് ഇത്തരം ദുര്‍ഭരണങ്ങള്‍കൊണ്ടാണെന്നും  പാലക്കാട് ടൗണ്‍ഹാളില്‍ നടന്ന സി പി ഐ ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

യു പി എ സര്‍ക്കാരിന്റെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങളും, അസംഘടിത പ്രവര്‍ത്തനങ്ങളുമാണ് ബി ജെ പിയെ അധികാരത്തിലെത്താന്‍ സഹായിച്ചത്. “അച്ഛാദിന്‍ ആയേഗാ’ എന്നുളള പ്രസ്താവന സമ്പന്നര്‍ക്കുള്ള ആഹ്വാനമാണെന്നും പാവപ്പെട്ടവരുടെ മുതലുകള്‍ തിരിച്ചു പിടിച്ചും അന്നം മുട്ടിച്ചും നടത്തുന്ന ഭരണം അധികം നീണ്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ ഭൂമി പിടിച്ചെടുക്കാനുളള ബി ജെ പിയുടെ മോഹങ്ങള്‍ക്കുള്ള ശ്രമം രാജ്യസഭയില്‍ പൊലിഞ്ഞത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണക്കാരെ കൂടുതല്‍ സമ്പന്നരാക്കുന്നതിനു വേണ്ടിയാണ് വിവിധ സംസ്ഥാനങ്ങളിലെ അസോസിയേറ്റഡ് ബാങ്കുകളെ വിഴുങ്ങുന്നതിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക്  അവസരം നല്‍കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സംരക്ഷണം കേന്ദ്രത്തിന്റേതാക്കി മാറ്റുകയാണ് ലക്ഷ്യം.  പാവപ്പെട്ട കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും തൊഴിലാളികളുടെയും വായ്പകള്‍ ഇല്ലാതാക്കി വന്‍കിട കുത്തകകള്‍ക്ക് മാത്രം ലോണ്‍ നല്‍കുകയാണ് എസ് ബി ഐയിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം കാര്‍ഷിക-തൊഴിലാളി-വ്യാപാരി വിരുദ്ധ നടപടികള്‍ക്കെതിരെ പൊതുജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൃഷി മന്ത്രി വി എസ് സുനില്‍കുമാറിനും, മുഹമ്മദ്മുഹ്‌സിന്‍ എം എല്‍ എക്കും യോഗത്തില്‍ സ്വീകരണം നല്‍കി. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ജയദേവന്‍ എം പി, സംസ്ഥാന എക്‌സി.അംഗം വി ചാമുണ്ണി, ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ്്  സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിജയന്‍ കുനിശ്ശേരി, ജോസ് ബേബി എന്നിവര്‍ പ്രസംഗിച്ചു.

Related posts