സംസാരമല്ല, പ്രവര്‍ത്തിയാണ് സൈന്യത്തിന്റെ രീതി! ഭീഷണികളെ ചെറുക്കാന്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍; ഇന്ത്യ എന്തിനും തയാറെന്നു വ്യോമസേനാ മേധാവി

sachinന്യൂഡല്‍ഹി: എല്ലാ തരം വെല്ലുവിളികളും നേരിടാന്‍ ഇന്ത്യന്‍ സേന പ്രാപ്തരാണെങ്കിലും രാജ്യം നേരിടുന്ന ഭീഷണികള്‍ ചെറുതല്ലെന്നു വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ. വെല്ലുവിളികളുടെ ഗൗരവം എത്രമാത്രം വലുതാണെന്നു വ്യക്തമാക്കുന്നതാണ് കാഷ്മീരില്‍ സൈനികതാവളങ്ങള്‍ക്കു നേരേയുണ്ടായ ഭീകരാക്രമണങ്ങള്‍. പത്താന്‍കോട്ടിലെയും ഉറിയിലെയും ഭീകരാക്രമണങ്ങള്‍ നമ്മള്‍ ഏതു സമയത്താണ് ജീവിക്കുന്നതെന്ന് വ്യക്തമായി ഓര്‍മപ്പെടുത്തുന്നു. സംസാരിക്കുകയല്ല, മറിച്ച് പ്രവര്‍ത്തിക്കുകയാണ് സൈന്യത്തിന്റെ രീതിയെന്നും ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍കൂടിയായ വ്യോമസേനാ മേധാവി പറഞ്ഞു. എന്നാല്‍, മിന്നലാക്രമണത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംവാദങ്ങളെയും വിവാദങ്ങളെയുംകുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

ഇത്തരം സംഭവങ്ങളില്‍നിന്ന് നമ്മള്‍ ഓരോ പാഠങ്ങള്‍ പഠിക്കുകയാണ്. ഇത്തരം പാഠങ്ങളില്‍നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് നമ്മള്‍ കൂടുതല്‍ സ്മാര്‍ട്ടായിക്കഴിഞ്ഞു. ഇപ്പോള്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ തക്കവിധം സജ്ജരായിക്കഴിഞ്ഞുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സേനാ കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടാക്കുന്ന ഭീഷണികളെ ചെറുക്കാന്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. വ്യോമസേനയെ ചിട്ടയായ പരിശീലനത്തിലൂടെയും ബോധവത്കരണ പരിപാടികളിലൂടെയും കൂടുതല്‍ കരുത്തരാക്കി മാറ്റിക്കഴിഞ്ഞു. പ്രതിരോധരംഗത്ത് വ്യോമസേന നിര്‍ണായക സ്ഥാനം കരസ്ഥമാക്കിക്കഴിഞ്ഞെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി.

വ്യോമസേനയുടെ 84–ാം സ്ഥാപക ദിനാഘോഷം ഗാസിയാബാദിലെ ഹിന്‍ഡന്‍ എയര്‍ ബേസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, വ്യോമസേനയിലെ ഓണററി ഗ്രൂപ് ക്യാപ്റ്റന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. വായുസേനാ മെഡലുകളുടെ വിതരണത്തിനുശേഷം യുദ്ധ വിമാനങ്ങളും സേനാംഗങ്ങളും ഉള്‍പ്പെടെ വ്യോമസേനയുടെ കഴിവും കരുത്തും തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങളും നടന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യോമസേനാ ദിനത്തില്‍ സേനയ്ക്ക് ആശംസാ സന്ദേശങ്ങള്‍ നല്‍കിയിരുന്നു.

സെബി മാത്യു

Related posts