പരവൂർ (കൊല്ലം): ബംഗളുരു – എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും.ട്രെയിൻ നമ്പർ 22651 കെഎസ്ആർ-എറണാകുളം വന്ദേഭാരത് രാവിലെ 5.10 ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം – കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11 ന ബംഗളുരുവിൽ എത്തും.പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്.
ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.

