സമ്മാനങ്ങളുമായെത്താമെന്ന ഉറപ്പുപാലിച്ച് സുരേഷ് ഗോപി; മനസുനിറഞ്ഞ് ശാന്തിമന്ദിര നിവാസികള്‍; അമ്മമാരുടെ ആഗ്രഹം പോലെ ലാലുമായെത്താമെന്ന് സുരേഷ് ഗോപി

alp-sureshgopiആലപ്പുഴ: സമ്മാനങ്ങളുമായി ഇനി എത്താമെന്ന് മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ ശാന്തിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് നല്‍കിയ ഉറപ്പുപാലിച്ച് സുരേഷ് ഗോപി എംപി ഓണസമ്മാനങ്ങളുമായി ശാന്തിമന്ദിരത്തിലെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സുരേഷ്‌ഗോപിയെത്തിയത്. ശാന്തിമന്ദിരത്തിലെ അന്തേവാസികളായ 22 സ്ത്രീകള്‍ക്ക് സാരിയും ആറ് പുരുഷന്മാര്‍ക്ക് ഓണക്കോടിയുമായാണ് ചലച്ചിത്ര നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് അപ്രതീക്ഷിതമായി ശാന്തിമന്ദിരം സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. ഇവിടുത്തെ അന്തേവാസിയായ സരോജിനിയമ്മയ്ക്ക് സുരേഷ് ഗോപിയെ കാണണമെന്ന ആഗ്രഹം ഫേസ് ബുക്ക് കൂട്ടായ്മ നവ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയും താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തതോടെയാണ് സുരേഷ് ഗോപി അന്ന് എത്തിയത്. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ സമ്മാനങ്ങളൊന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ലായെന്നും അടുത്ത വരവിന് സമ്മാനങ്ങളുമായെത്തുമെന്നും അന്ന് ഉറപ്പ് നല്‍കിയിരുന്നു.

ശാന്തിമന്ദിരത്തിലെത്തിയ താരത്തെ അന്തേവാസികള്‍ പാട്ടുപാടിയാണ് സ്വീകരിച്ചത്. മോഹന്‍ലാലുമായി സംസാരിക്കണമെന്ന ആഗ്രഹം ചിലര്‍ പ്രകടിപ്പിച്ചപ്പോള്‍ ഫോണില്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അമ്മമാരുടെ ആഗ്രഹം അദ്ദേഹത്തെ അറിയിക്കുമെന്നും കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞപ്പോള്‍ ശാന്തിമന്ദിര വാസികളുടെ മുഖത്ത് പുഞ്ചിരിയായി. ഇന്ന് വിവാഹിതയാകുന്ന മഹിളാ മന്ദിരത്തിലെ അന്തേവാസി രേവതിക്ക് വിവാഹ സമ്മാനവും നല്‍കിയാണ് താരം മടങ്ങിയത്. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, വൈസ് ചെയര്‍മാന്‍ ബീന കൊച്ചുവാവ, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു.

Related posts