ബ്രോണ്‍സ്: ഇല്ലിനോയില്‍ നിന്നുളള ട്രക്ക് െ്രെഡവര്‍ മെക്ക് ഡൊണാള്‍ഡ് – നിക്കോള്‍ ദമ്പതികള്‍ക്ക് ജനിച്ച ഇരട്ടകുട്ടികളാണ് ജേഡനും അനിയസും. ശരീരം രണ്ടാണെങ്കിലും തലയോട്ടികള്‍ ഒന്നുചേര്‍ന്ന വിധത്തിലയിരുന്നു ഇവരുടെ ജനനം. പതിമൂന്ന് മാസം പ്രായമുളള ഈ കുട്ടികളുടെ തലയോട്ടി വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ ഒക്ടോബര്‍ 14ന് ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.
13ന് രാവിലെയാണ് ശസ്ത്രക്രിയയ്ക്കായി കുട്ടികളെ ഓപ്പറേഷന് റൂമിലേക്ക് പ്രവേശിപ്പിച്ചത്. ഇരുപത് മണിക്കൂര്‍ നീണ്ടുനിന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ലോക പ്രശസ്ത ന്യൂറോ സര്ജന് ഡോ. ജെയിംസ് ഗുഡ്റിച്ചാണ്. 2.5 മില്യണ്‍ ജനനങ്ങള്ക്കിടയില് ഇത്തരത്തില്‍ ഒരു ജനനം മാത്രമാണ് സംഭവിക്കുന്നതെന്നും രണ്ട് വയസിനുളളില്‍ ശസ്ത്രക്രിയയിലൂടെ വേര്പെടുത്തുവാന് കഴിഞ്ഞില്ലെങ്കില്‍ മരണമാണ് സ്വാഭാവികമായും സംഭവിക്കുകയെന്നും എഴുപതാം വയസിലും ഊര്‍ജസ്വലതയോടെ രാവും പകലും നീണ്ടും നിന്ന ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോ. ഗുഡ്റിച്ച് പറഞ്ഞു.
സിറിയയില്‍ നിന്നുളള ഇരട്ടകളെ ഈ വര്‍ഷമാദ്യം സൗദി അറേബ്യയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തിയിരുന്നു. 1952 മുതല്‍ ഇന്നുവരെ തലയോട്ടി വേര്‍പ്പെടുത്തുന്ന 58 ശസ്ത്രക്രിയകളാണ് ലോകത്താകമാനം നടന്നിട്ടുളളത്. ശസ്ത്രക്രിയക്ക് 2.5 മില്യണ്‍ ഡോളറാണ് ചെലവ്. നിക്കോളിന്റെ ഇന്റഷ്വറന്‍സ് ഇതിന്റെ സിംഹഭാഗവും കവര്‍ ചെയ്തെങ്കിലും നിരവധി പേരുടെ സംഭാവനകളുമാണ് ഈ തുക സ്വരൂപിക്കാന്‍ വേണ്ടിവന്നത്.
നിക്കോള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഷിക്കാഗോയില്‍ അള്‍ട്രാസൗണ്ട് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രത്തിനായി പ്രേരിപ്പിച്ചുവെങ്കിലും ക്രിസ്തീയ വിശ്വാസികളായ ഇവര്‍ ഇതിനു സമ്മതിച്ചിരുന്നില്ല. ശസ്ത്രക്രിയ്ക്കുശേഷം ഇരുകുട്ടികളും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്