സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കിയില്ല; എളവള്ളി പഞ്ചായത്ത് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

tcr-congressചിറാട്ടുകര: എളവള്ളി പഞ്ചായത്ത് സെക്രട്ടറിയെ പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപരോധിച്ചു. ആധാറില്‍ എന്‍റോള്‍ ചെയ്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 150 രൂപ വീതം ധനസഹായം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം എളവള്ളി പഞ്ചായത്ത് അധികൃതര്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധസമരം നടത്തിയത്. പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങളായ സനില്‍ കുന്നത്തുള്ളി, കെ.ഒ.ബാബു, ലിസി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടത്തിയത്. എളവള്ളി ഗ്രാമപഞ്ചായത്തില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്യാത്തത് സംബന്ധിച്ച് രാഷ്ട്രദീപിക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2015 ഫെബ്രുവരിയില്‍ പഞ്ചായത്തിലെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനായി 1,24,440 രൂപയുടെ ചെക്ക് സെക്രട്ടറിക്ക് നല്‍കിയിരുന്നു. ഈ തുക വിതരണം ചെയ്ത് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ബാക്കി പണം ഉടന്‍ അനുവദിക്കുമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഈ ധനസഹായവിതരണം ചെയ്യുന്നതില്‍ തുടര്‍ച്ചയായി പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന ഇടതുമുന്നണി ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസസി.സാബു ആരോപിച്ചു.  മണിക്കൂറുകളോളം നീണ്ട ഉപരോധസമരം തെരഞ്ഞെടുപ്പുമായുള്ള നിയമതടസമില്ലെങ്കില്‍ ഉടന്‍ പണം വിതരണം ചെയ്യാമെന്ന സെക്രട്ടറിയുടെ രേഖാമൂലം ഉറപ്പു ലഭിച്ചതിനു ശേഷമാണ് അവസാനിപ്പിച്ചത്.

Related posts