സര്‍ക്കാര്‍ നോക്കുകുത്തി; മാവേലിക്കൊപ്പം ജനം ഇറങ്ങി! 35 തെരുവ് നായക്കളെ കൊന്നു; കാപ്പ ചുമത്തട്ടെ, തെരുവുനായ ഉന്മൂലനം തുടരുമെന്ന് ജോസ് മാവേലി

Doginnerതിരുവനന്തപുരം: വര്‍ക്കലയില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ മരിച്ച വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവ(90)ന്റെ സംസ്കാരം ഇന്ന് വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ നടക്കും.  തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് 11 മണിയോടെ വര്‍ക്കലയിലേക്ക് കൊണ്ടുപോകും.

അതേസമയം സംഭവത്തില്‍ നാട്ടുകാര്‍ രോഷാകുലരാണ്. ഇന്നു രാവിലെ മുതല്‍ വര്‍ക്കല നഗരസഭ തെരുവ് നായ്ക്കളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തെരുവ് നായ്ക്കളെ പിടിക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്നലെ കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കള്‍ കടിച്ചുകീറിയതിനെത്തുടര്‍ന്നു  ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട  രാഘവന്‍ ആണു മരിച്ചത്.

രാഘവനെ ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയാണ് കൂട്ടമായെത്തിയ നായ്ക്കള്‍ ആക്രമിച്ചത്. മുഖം തെരുവുനായ്ക്കള്‍ കടിച്ചുകീറി. ഉടന്‍തന്നെ വര്‍ക്കല താലൂ ക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും നില ഗുരുതരമായിരുന്നതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് 2.55 നു മരണം സംഭവിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, വര്‍ക്കല എംഎല്‍എ വി. ജോയി, ബിജെപി വക്താവ് വി.വി. രാജേഷ് തുടങ്ങിയവര്‍ ഇന്നലെ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

കാപ്പ ചുമത്തട്ടെ, തെരുവുനായ ഉന്മൂലനം തുടരും: ജോസ് മാവേലി
Maveli
കൊച്ചി: കാപ്പ ചുമത്തുമെന്നുള്ള ഭീഷണിയുടെ പേരില്‍ തെരുവു നായ ഉന്മൂലനത്തില്‍ നിന്നു പിന്നോട്ടില്ലെന്നു തെരുവു നായ ഉന്മൂലന സംഘം ചെയര്‍മാന്‍ ജോസ് മാവേലി. കാപ്പ ചുമത്തുമ്പോള്‍ ജനങ്ങള്‍ക്കെതിരെ മുഴുവന്‍ ചുമത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കലയില്‍ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ഇന്നലെ മരിച്ച രാഘവന്റെ വീടിനു സമീപം രാവിലെ ആറു മുതല്‍ 100ലധികം ആളുകളോടൊപ്പം തെരുവുനായ്ക്കളെ പിടിച്ചുകൊണ്ടിരിക്കുകയാണ്. 35  നായ്ക്കളെ ഇതിനകം കൊന്നുകഴിഞ്ഞു. ജനങ്ങളുടെ പൂര്‍ണ പിന്തുണ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനം മുന്നിട്ടിറങ്ങിയാല്‍ തെരുവുനായ പ്രശ്‌നം പരിഹരിക്കപ്പെടും: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
TOP-CHITTILAPALLY
കൊച്ചി: ജനം മുന്നിട്ടിറങ്ങിയാല്‍ തെരുവുനായ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നു സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രാഷ്ട്രദീപികയോടു പറഞ്ഞു. കേരളത്തില്‍ ആകെ മൂന്നുലക്ഷത്തില്‍ താഴെ തെരുവു നായ്ക്കളാണുള്ളത്.

ഒരു നായയെ കൊന്നാല്‍ 50 രൂപമാത്രമാണ് പിഴ ശിക്ഷ. സ്റ്റേഷനില്‍ തന്നെ ജാമ്യം കിട്ടാവുന്ന കുറ്റം ആവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ശിക്ഷ വര്‍ധിക്കുന്നത്. തെരുവു നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നു പറയുന്നത് ആളുകളെ ഭയപ്പെടുത്താനുള്ള ഓലപ്പാമ്പു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ നിയമവശത്തേക്കുറിച്ചു താന്‍ മനസിലാക്കുന്നത് ഇപ്പോഴാണ്. ആ വിവരം പരമാവധി ജനങ്ങളിലേക്കെത്തിക്കാനാണ് താന്‍ ശ്രമിക്കുന്നത്.

ഇനിയും അതു തുടരും. നായയെ കൊന്നാല്‍ അതിന്റെ ഉടമസ്ഥന്റെ പരാതിയിലാണ് കേസ് എടുക്കുന്നത്. ഇവിടെ തെരുവു നായ്ക്കളുടെ ഉടമസ്ഥന്‍ പഞ്ചായത്തോ മറ്റുതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ആണ്. അങ്ങനെയെങ്കില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ഇന്നലെ മരണമടഞ്ഞ വൃദ്ധനും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സെക്രട്ടറി തലങ്ങളിലുള്ളവരെല്ലാം നായ സ്‌നേഹികളാണ്. ഇവരാണ് സര്‍ക്കാരിനെ ഉപദേശിക്കുന്നത്. അതുകൊണ്ടാണ് കോടതിയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ നിലപാടുണ്ടാകാത്തതെന്നും അദ്ദേഹം ആരോപിച്ചു. ഓരോ ദിവസവും കൂടുതല്‍ ആളുകള്‍ നിയമ സഹായത്തിനായി സമീപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related posts