തിരുവനന്തപുരം: സഹകരണ സമരത്തില്‍ യുഡിഎഫ് നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷം. എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തുന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വ്യത്യസ്ത അഭിപ്രായങ്ങള്‍ പരസ്യമായി പറഞ്ഞു രംഗത്തുവന്നതോടെയാണ് തമ്മിലടി വ്യക്തമായത്.
എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തുന്നതിന് തീരുമാനമെടുത്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് പറഞ്ഞതോടെയാണ് തര്‍ക്കം രൂമാണെന്ന കാര്യം വ്യക്തമായത്. സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ തള്ളി സുധീരന് വ്യക്തമാക്കി. നിമയസഭയില്‍ പ്രമേയം പാസാക്കാന്‍ ഒരുമിച്ചു നില്ക്കും. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി സംഘത്തിനൊപ്പം ചേരുമെന്നും സുധീരന് പറഞ്ഞു.
നേരത്തേ, സഹകരണ സമരത്തില്‍ എല്‍ഡിഎഫുമായി യോജിച്ച് മുന്നോട്ടുപോകാന്‍ യുഡിഎഫില്‍ ധാരണയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നണിയോഗത്തിനു ശേഷം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചെന്നിത്തലയുടെ വാക്കുകള്‍ തള്ളി കെപിസിസി അധ്യക്ഷന്‍ രംഗത്തുവന്നത്.
യോജിച്ച് സമരം നടത്താന്‍ തീരുമാനിച്ചു എന്ന തെറ്റായ വിവരം പുറത്ത് വന്നതിന്റെ കാരണം ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നാണ് സുധീരന് പറഞ്ഞത്. യോഗത്തില്‍ ആരും ആരുടേയും നിലപാടുകള്‍ തള്ളിയിട്ടില്ലെന്നും മുസ്ലിം ലീഗ് തന്നെ വിമര്‍ശിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
സഹകരണ മേഖലയിലെ കേരളത്തിന്റെ പ്രശ്നങ്ങള്‍ അറിയിക്കാന്‍ സര്‍വകക്ഷി സംഘം കേന്ദ്രത്തെ സമീപിച്ച ശേഷവും നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ യോജിച്ച സമരമെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. ഈ അഭിപ്രായം കെപിസിസി അധ്യക്ഷന്‍ തള്ളിയതോടെ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമാണെന്ന് വ്യക്തമായിരിക്കുകയാണ്.
എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തുന്നതിനെതിരേ കഴിഞ്ഞ ദിവസം തന്നെ ചില കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എം.എം.ഹസന് സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തിരുന്നു. വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമുള്ള കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന് ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടുനിന്നതും ശ്രദ്ധേയമായി.