നാദാപുരം: വാണിമേലില്‍ സിപിഎം പ്രകടനത്തിനുനേരെ നടന്ന ബോംബേറില്‍ വളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാദാപുരം സിഐ ജോഷി ജോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വാണിമേല്‍ മേഖലയിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം പുരോഗമിക്കുന്നത്. ഇതിനായി സംശയമുള്ളവരുടെയും മറ്റും നമ്പറുകളില്‍നിന്നുള്ള ഫോണ്‍കോളുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് ഓഫീസ് പരിസരത്തെ കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
അടുത്ത കാലത്തായി വാണിമേല്‍ ടൗണ്‍ കേന്ദ്രീകരിച്ച് ചില ക്രിമിനല്‍ സംഘങ്ങള്‍ ശക്തമായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബോംബേറുമായി ബന്ധപ്പെട്ട് ഇവരുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്്്. നേരത്തെ കേസില്‍ അകപ്പെട്ടവരും ക്രിമിനല്‍ പാശ്ചാത്തലമുളളവരേയും പോലീസ് നിരീക്ഷിച്ച് വരികയാണ്. ഇതിനിടയില്‍ പ്രദേശവാസികളായ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തു. സംഭവം അതീവ ഗൗരവത്തോടെയാണ് ഉന്നത പോലീസ് ഉദ്യോഗസഥര്‍ കാണുന്നത്. രണ്ട് ബോംബുകളാണ് പ്രകടനത്തിനുനേരെ ഉപയോഗിച്ചത്. ബോംബ് പൊട്ടാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. മേഖലയില്‍ വന്‍ കലാപത്തിന് തന്നെ വഴി തെളിയിച്ചേക്കാവുന്ന സംഭവം സിപിഎം-ലീഗ് നേതാക്കളുടെ അവസരോചിതമായ ഇടപെടല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകമായി.
ബോംബേറ് നടന്ന ഉടനെതന്നെ ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ രംഗത്തിറങ്ങി അണികളെ നിയന്ത്രിക്കുകയായിരുന്നു. പ്രകടനത്തിനുനേരെ ബോംബെറിയുന്നത് മേഖലയില്‍ ഇത് ആദ്യമാണ്. ബോധപൂര്‍വം കുഴപ്പമുണ്ടാക്കി മുതലെടുപ്പ് നടത്താനുളള ശ്രമമാണ് ബോംബേറിന് പിന്നിലെന്നാണ് സൂചന. പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ശക്തമായിട്ടുണ്ട്. പോലീസ് അനുമതിയില്ലാതെ ടൗണില്‍ പ്രകടനം നടത്തിയതിന് 20 ഓളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയും പ്രകടനത്തിനിടയില്‍ എസ്ഡിപിഐ ഓഫീസ് അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെയും വളയം പോലീസ് കേസെടുത്തു.