സിപിഎം സ്ഥാപനങ്ങള്‍ക്ക് നേരേ വ്യാപകമായ ആക്രമണം

ekm CPIMതളിപ്പറമ്പ്: മോറാഴയില്‍ സിപിഎം സ്ഥാപനങ്ങള്‍ക്ക് നേരേ വ്യാപകമായ ആക്രമണം. മാങ്ങാട് കൃഷ്ണപ്പിള്ള സ്മാരക വായനശാല, മോറാഴ ഗ്രാമീണ വായനശാല, സി.എച്ച് നഗര്‍ യുവധാര സാംസ്കാരിക വേദി എന്നീ സ്ഥാപനങ്ങള്‍ക്ക്  നേരേയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് പുലര്‍ച്ചെ രണ്ടോടെ ആക്രമം നടത്തിയതെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു. കൃഷ്ണപ്പിള്ള വായനശാല,  മോറാഴ ഗ്രാമീണ വായനശാല എന്നിവയുടെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത അക്രമി സംഘം മാങ്ങാട് മുതല്‍ വെള്ളിക്കീല്‍വരെ റോഡരികിലുള്ള സിപിഎമ്മിന്റെ  കൊടിമങ്ങളും തോരണങ്ങളുമെല്ലാം പൂര്‍ണമായി നശിപ്പിച്ചിട്ടുണ്ട്.

സിപിഎം മോറാഴ ലോക്കല്‍ കമ്മിറ്റിയും വായനശാല കമ്മിറ്റിയും പോലീസില്‍ പരാതി നല്‍കി. അക്രമങ്ങള്‍ക്ക് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്ന്  സിപിഎം ആരോപിച്ചു. ഒഴക്രോം ജംഗ്ഷനില്‍ സിപിഎം സ്ഥാപിച്ച നിരവധി പ്രചാരണ ബോര്‍ഡുകളും ജയിംസ് മാത്യുവിന്റെ കട്ടൗട്ടുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കണ്ണപുരം, തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനുകളുടെ പരിധികളിലാണ് അക്രമം നടന്ന സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ പോലീസ് അതീവ ജാഗ്രത പാലിച്ചുവരികയാണ്. അക്രമം നടന്ന സ്ഥലങ്ങള്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു.

Related posts