ഒരു വീടു നിര്‍മിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട നിര്‍മാണ സാമഗ്രിയാണ് തടി. അത് സുതാര്യമായാല്‍!. കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നുണ്ടല്ലേ. ഇനി അതും സാധ്യം. സ്വീഡനില്‍നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് സുതാര്യമായ തടി നിര്‍മിച്ചത്.
സ്റ്റോക്‌ഹോമിലെ വലെന്‍ബര്‍ഗ് വുഡ് സയന്‍സ് സെന്ററില്‍ നടന്ന പരീക്ഷണത്തിലാണ് സുതാര്യമായ തടി യുടെ പിറവി. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ബയോമാക്രൊമോളിക്യൂള്‍സ് എന്ന ജേര്‍ണലിലാണ് സുതാര്യമായ തടിയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വീടു നിര്‍മാണത്തില്‍ മാത്രമല്ല സോളാര്‍ പാനലിലും ഈ തടി ഉപയോഗിക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
തടിയുടെ കനം കൂടുന്നതിനനുസരിച്ച് കടന്നുവരുന്ന പ്രകാശത്തിന്റെ അളവിലും കുറവുണ്ടാവും. ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന തടിക്ക് മില്ലീമീറ്ററുകളുടെ കനമേയുള്ളൂ. ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത് ഒരു മാതൃകമാത്രമാണെന്നും കനം കൂടിയ സുതാര്യ തടി നിര്‍മിക്കാന്‍ ഉടന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് എഴുതിയ ലാര്‍സ് ബെര്‍ഗ്ലന്‍ഡ് പറഞ്ഞു. പ്രകാശത്തെ കടത്തിവിടാത്ത സ്ട്രക്ചറല്‍ പോളിമറായ ലിഗ്നിന്റെ സാന്നിധ്യമാണ് തടിയെ അതാര്യമാക്കുന്നത്. ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ലിഗ്നിന്‍ ഒഴിവാക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായതോടെയാണ് തടി സുതാര്യമായത്. 80 മുതല്‍ 95 ശതമാനം വരെ പ്രകാശത്തെ തടയാന്‍ ലിഗ്നിനാവും.
ലിഗ്നിന്‍ ഒഴിവാക്കുന്നതു കൊണ്ടുമാത്രം തടി സുതാര്യമാകുന്നില്ല. തടിക്കുള്ളില്‍ത്തന്നെ പ്രകാശം ചിതറിപ്പോകുന്നുണ്ട്. ഇത് ഒഴിവാക്കുകയായിരുന്നു രണ്ടാമത്തെ ദൗത്യം. അതിനായി അക്രിലിക്കി(പ്ലെക്‌സിഗ്ലാസ്)ന് തുല്യമായ അപഭ്രംശം നടത്തി. വലെന്‍ബര്‍ഗ് വുഡ് സയന്‍സ് സെന്ററില്‍ നടത്തിയ പരീക്ഷണത്തില്‍ ലഭിച്ച തടി പ്ലെക്‌സിഗ്ലാസിനെക്കാള്‍ ഇരട്ടി കനമുള്ളതും വീഴുന്ന 85 ശതമാനം പ്രകാശവും കടത്തിവിടാന്‍ കഴിയുന്നതായിരുന്നു.
സുതാര്യമായ തടിയുടെ കണ്ടുപിടിത്തം കൃത്രിമ ലൈറ്റിംഗ് സംവിധാനത്തിനു വേണ്ടി ചെലവാക്കുന്ന തുകയില്‍ വലിയ കുറവു വരുത്തുമെന്നുറപ്പ്. സോളാര്‍പാനലില്‍ ഉപയോഗിക്കാന്‍ സാധിച്ചാല്‍ അത് വലിയൊരു മാറ്റമായിരിക്കും കൊണ്ടുവരികയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.