ന്യൂഡല്‍ഹി: സുശീല്‍കുമാര്‍ വീണ്ടും ദേശീയ ഗുസ്തി ഫെഡറേഷനെ സമീപിച്ചേക്കും. റിയോ ഒളിമ്പിക്‌സ് ഗുസ്തിമത്സരത്തിനുള്ള ഇന്ത്യന്‍ താരത്തെ തെരഞ്ഞെടുക്കുന്നതിന് ട്രയല്‍സ് നടത്തണമെന്നാവശ്യപ്പെട്ട് സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടിയ ഒരു താരത്തെ ട്രയല്‍സില്‍ പങ്കെടുത്തില്ലെന്നു പറഞ്ഞ്(അതും പരിക്കുമൂലം) ഒളിമ്പിക്‌സില്‍ മത്സരിപ്പിക്കാതിരിക്കുന്നത് അനീതിയാണെന്നാണ് കായിക രംഗത്തെ പ്രമുഖര്‍ പറയുന്നത്. പരിക്ക് ഭേദമായിയെന്നു താരം പറയുമ്പോള്‍ അത് മുഖവിലയ്‌ക്കെടുത്ത് ട്രയല്‍സ് നടത്തണമെന്ന വാദവുമുണ്ട്.
എന്നാല്‍, ഫെഡറേഷന്‍ ഈ നിലപാടിനോടു യോജിക്കുന്നില്ല. സുശീലിന്റെ മത്സരവിഭാഗത്തില്‍ അദ്ദേഹം മാത്രമേയുള്ളുവെങ്കില്‍ പരിഗണിക്കുന്നതില്‍ നീതിയുണ്ട്. അദ്ദേഹത്തിന്റെ മത്സര ഇനം (66 കിലോഗ്രാം വിഭാഗം) ഒളിമ്പിക്‌സില്‍നിന്ന് ഒഴിവാക്കി. അതിനാല്‍ അദ്ദേഹം മത്സരിക്കണമെന്ന് ആവശ്യപ്പെടുന്ന പുതിയ വിഭാഗത്തില്‍ യോഗ്യത നേടിയ മറ്റൊരു താരമുണ്ട്. അദ്ദേഹത്തെ തഴഞ്ഞ് രണ്ടു തവണ മെഡല്‍ നേടി എന്നതിന്റെ പേരില്‍ സുശീലിന് അവസരം നല്‍കുന്നത് നീതിയല്ല എന്നാണ് അസോസിയേഷന്റെ നിലപാട്.
എന്നാല്‍, ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സുശീല്‍ വീണ്ടും ഫെഡറേഷനെ സമീപിക്കുന്നത്. തീരുമാനം എതിരാണെങ്കില്‍, ഹൈക്കോടതിയുടെ വിശാല ബെഞ്ചിനെ സമീപിക്കാനും ആലോചനയുണ്ട്. സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
ഫെഡറേഷന്റെ ഈ നിലപാടിനോട് യോജിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സുശീലിന്റെ ഹര്‍ജി തള്ളിയത്. യോഗ്യതാ മത്സരങ്ങളിലൂടെ യോഗ്യതാ മാര്‍ക്ക് കടന്ന ഒരു താരം (നാര്‍സിംഗ് യാദവ്) ഉള്ളപ്പോള്‍ സുശീലിന് അനുകൂലമായി നിലപാടെടുക്കാന്‍ കഴിയില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. നിലവില്‍ ഇന്ത്യയില്‍ നിന്ന് ഒരു താരത്തിനാണ് 74 കിലോഗ്രാം വിഭാഗത്തില്‍ പങ്കെടുക്കാനാവുക. അതിലേക്കു നടന്ന യോഗ്യതാ മത്സരത്തില്‍ രണ്ടു പേര്‍ യോഗ്യത നേടിയിരുന്നെങ്കില്‍ അവര്‍ തമ്മില്‍ ഒരു ട്രയല്‍ മത്സരം കൂടി നടത്തുന്നതില്‍ തെറ്റില്ല. ഇവിടെ കാര്യങ്ങള്‍ മറിച്ചാണ.് ഒരാള്‍ യോഗ്യതാ മത്സരത്തില്‍ പങ്കെടുത്തു യോഗ്യതാ മാര്‍ക്ക് കടന്നപ്പോള്‍ മറ്റൊരാള്‍ യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്തിട്ടേയില്ല. ഇന്ത്യക്കു ലഭിച്ചിരിക്കുന്ന ക്വോട്ട താരത്തിനല്ലെന്നും രാജ്യത്തിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.