സൂക്ഷിച്ചുവച്ചോ; ഈ നമ്പറുകള്‍ ആവശ്യം വരും

ktm-callingസി.സി.സോമന്‍
കോട്ടയം: അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് എല്ലാ സഹായവുമെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടെങ്കിലും പലര്‍ക്കും ഇതേക്കുറിച്ച് അറിയില്ല. കേരളത്തില്‍ എവിടെനിന്ന് 100 എന്ന നമ്പരിലേക്ക് വിളിച്ചാലും  തൊട്ടടുത്തുള്ള പോലീസ് കണ്‍ട്രോള്‍ റൂം കിട്ടും. 101 അഗ്നിശമന സേനയുടെ നമ്പര്‍. ഇത് 24 മണിക്കൂറും സേവനം ലഭിക്കും. 102, 1298 എന്ന നമ്പരുകള്‍ വിളിച്ചാല്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ (നഴ്‌സ് ഉള്‍പ്പെടെ) ആംബുലന്‍സ് എത്തും. 1090 എന്ന നമ്പര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസില്‍ 24 മണിക്കൂറും പോലീസ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കുന്ന ക്രൈം സ്റ്റോപ്പര്‍ നമ്പരാണ്. അടിയന്തര സാഹചര്യങ്ങളില്‍ 1090 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ വയര്‍ലെസ് സന്ദേശം വഴി ബന്ധപ്പെട്ട സ്ഥലത്ത് പോലീസ് എത്തിച്ചേരും.

വനിതകള്‍ നേരിടുന്ന അടിന്തര പ്രശ്‌നമാണെങ്കില്‍ 1091 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ വനിത പോലീസ് ഓഫീസറുടെ അടിയന്തര സേവനം ലഭിക്കും. ഇതെല്ലാം ടോള്‍ ഫ്രീ നമ്പരുകളാണ്. മൊബൈല്‍ ഫോണില്‍ നിന്ന് കോഡ് ഇല്ലാതെ അതാതു ജില്ലകള്‍ ലഭിക്കും എന്നതാണ് പ്രത്യേകത. 1098 എന്ന നമ്പര്‍  കുട്ടികള്‍ക്ക് അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്ന നമ്പരാണ്. റോഡില്‍ എന്തെങ്കിലും അപകടം കണ്ടാല്‍ അടിയന്തര സഹായത്തിന് 1099 എന്ന നമ്പരില്‍ വിളിക്കാം.

9846100100 പോലീസ് അലര്‍ട്ടാണ്. ഹൈവേ പോലീസ് നമ്പരാണെങ്കിലും അടിയന്തര സഹായത്തിന് പൊതുജനങ്ങള്‍ക്ക് ഈ നമ്പര്‍ ഉപയോഗിക്കാം. 9846200100 റെയില്‍ അലര്‍ട്ട്. ട്രെയിന്‍ യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട നമ്പരാണിത്. ഇന്ത്യയില്‍ എവിടെയായിരുന്നാലും ട്രെയിന്‍ യാത്രക്കാര്‍ അടിയന്തര സാഹചര്യങ്ങളില്‍ ഈ നമ്പരിലേക്ക് വിളിച്ചാല്‍ തിരുവനന്തപുരത്തുള്ള റെയില്‍വേ പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭിക്കും. ഇവിടെ നിന്ന് ബന്ധപ്പെട്ട ട്രെയിനിലേക്ക് സന്ദേശമയച്ച് ട്രെയിനിലെ പോലീസിന്റെയോ ടിടിആറിന്റെയോ യാത്രക്കാരായ ഡോക്ടര്‍മാരുടെയോ സഹായം ലഭിക്കും.

യാത്രക്കാര്‍ക്ക് മലയാളത്തില്‍ കാര്യങ്ങള്‍ പറയുവാനും സഹായം ലഭ്യമാക്കുവാനും സാധിക്കും എന്നതാണ് പ്രത്യേകത. ഇതെല്ലാം ജീവന്‍ രക്ഷാ നമ്പരുകളാണ്. ലയണ്‍സ് പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ജീവന്‍ രക്ഷാ നമ്പരുകള്‍ രേഖപ്പെടുത്തിയ 100 ബോര്‍ഡുകള്‍ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോയി തോമസ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.പി.സന്തോഷ്കുമാര്‍ എന്നിവര്‍ അറിയിച്ചു.

Related posts