സെക്രട്ടറിയേറ്റ് നില്‍ക്കുന്ന സ്ഥലം പതിച്ചു നല്‍കിയിയോ എന്ന് പരിശോധിച്ചാല്‍ അറിയാമെന്ന് വി.എസ്

tvm-vsതിരുവനന്തപുരം: മെത്രാന്‍കായല്‍ നികത്തി വന്‍ ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത് കൈയോടെ പിടിക്കപ്പെട്ടതുകൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

സെക്രട്ടേറിയറ്റ് നില്‍ക്കുന്ന സ്ഥലം ഉമ്മന്‍ ചാണ്ടി ഇഷ്ടക്കാര്‍ക്ക് പതിച്ചു നല്‍കിയിട്ടുണ്‌ടോ എന്ന് പരിശോധിച്ചു നോക്കിയാല്‍ അറിയാമെന്നും വി.എസ് പരിഹസിച്ചു. വൈക്കം ചെമ്പില്‍, മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ഷാഫി മേത്തര്‍ക്ക് 150 ഏക്കര്‍ ഭൂമിയാണ് പതിച്ചു നല്‍കിയിരിക്കുന്നത്. വിവിധ മതസംഘടനകള്‍ക്കും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് സര്‍ക്കാര്‍ ഭൂമിപതിച്ചു നല്‍കിയ ഉത്തരവുകളെല്ലാം പിന്‍വലിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ഭൂരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും ലഭിക്കേണ്ട കോടിക്കണക്കിനു രൂപയുടെ ഭൂമിയാണ് ഉമ്മന്‍ ചാണ്ടി അടുപ്പക്കാര്‍ക്ക് വേണ്ടി പതിച്ചു നല്‍കിയത്. കേരള സംസ്ഥാനത്തിലെ നല്ലൊരു ഭാഗം ഭൂമിയും ഇത്തരത്തില്‍ സര്‍ക്കാര്‍ പതിച്ചു നല്‍കി കഴിഞ്ഞു. അപേക്ഷ പോലും നല്‍കാത്തവര്‍ക്കാണ് സര്‍ക്കാര്‍ ഭൂമി പതിച്ചു ലഭിച്ചിരിക്കുന്നത്. വന്‍കിടക്കാരെ പ്രീതിപ്പെടുത്തി വോട്ട് തട്ടാനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാരിന്റെ വിവാദമായ ഭൂമിപതിച്ചു നല്‍കിയ ഉത്തരവുകള്‍ എല്ലാം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും വി.എസ്. അച്യുതാനന്ദന്‍ മുന്നറിയിപ്പ് നല്‍കി.

Related posts