സ്കൂള്‍ സമയം പാലിച്ചില്ല; ടിപ്പറുകള്‍ പോലീസ് തടഞ്ഞു ; നേരിയ സംഘര്‍ഷം

KKD-TIPPERമുക്കം: ഹൈക്കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കര്‍ശന നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും സ്കൂള്‍ സമയങ്ങളില്‍ സര്‍വീസ് നടത്തുന്ന ടിപ്പര്‍ ലോറികള്‍ മുക്കം പോലീസ് തടഞ്ഞു. പോലീസ് സ്റ്റേഷന്‍ പരിസരത്താണ് വാഹനങ്ങള്‍ തടഞ്ഞത്. കൊടുവള്ളി സിഐ ബിശ്വാസിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. വാഹനങ്ങള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനും കാരണമായി.

സമയക്രമം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും ഉടമകളും പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.  രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 3.30 മുതല്‍ അഞ്ചു വരെയും ടിപ്പറുകള്‍ സര്‍വീസ് നടത്തുന്നത് തടഞ്ഞ് ഹൈക്കോടതിയുടേയും ഒമ്പതു മുതല്‍ പത്തു വരെയും നാലു മുതല്‍ അഞ്ചുവരെയും സര്‍വീസ് നടത്തുന്നത് തടഞ്ഞ് സംസ്ഥാന സര്‍ക്കാറിന്റേയും ഉത്തരവുകള്‍ നിലനില്‍ക്കേയാണ് മലയോര മേഖലയില്‍ ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് ടിപ്പര്‍ ലോറികള്‍ മരണപാച്ചില്‍ നടത്തുന്നത്.

മേഖലയിലെ നൂറുകണക്കിന് ക്വാറി, ക്രഷര്‍, എം സാന്റ് യൂണിറ്റുകളില്‍നിന്നായി 2500 ഓളം ടിപ്പറുകളാണ് ദിവസവും സംസ്ഥാന പാതയിലൂടെ ഓടുന്നത്. അനുവദിച്ചതിലധികം ലോഡുമായി പോകുന്ന ഇത്തരം വാഹനങ്ങള്‍ മനുഷ്യജീവന് ഭീഷണിയാവുന്നതിനൊപ്പം റോഡുകള്‍ തകരുന്നതിനും കാരണമാവുന്നുണ്ട്. അടുത്ത രണ്ടു മാസത്തിനിടയില്‍ മാത്രം നടന്ന പത്തോളം ടിപ്പര്‍അപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ നിരവധിയാണ്. ഈ അവസ്ഥയില്‍ നാട്ടുകാരുടെ പരാതികള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് മുക്കം എസ്‌ഐ ഇ.കെ. അബ്ദുറഹിമാന്‍, എഎസ്‌ഐ സി.പി. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടിപ്പറുകള്‍ തടഞ്ഞത്.

ഒരു മണിക്കൂറിനിടെ തന്നെ നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തില്‍ തടഞ്ഞത്. ഇന്ന് തടഞ്ഞത് മുന്നറിയിപ്പെന്ന നിലയിലാണന്നും സ്കൂള്‍ സമയം പാലിക്കാന്‍ തയാറായില്ലങ്കില്‍ നാളെ മുതല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുക്കം എസ്‌ഐ  ഇ.കെ.  അബ്ദുറഹിമാന്‍ പറഞ്ഞു. നേരത്തെ പരാതി നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തില്‍ മലയോര മേഖലയില്‍ വിവിധയിടങ്ങളില്‍ നാട്ടുകാര്‍ ടിപ്പറുകള്‍ തടഞ്ഞിരുന്നു. ഇത് നാട്ടുകാരും ടിപ്പര്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷത്തിനും കാരണമായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നടപടി ശക്തമാക്കിയത്.

Related posts