സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നഗരത്തില്‍ ഇനി ഷീ ഓട്ടോ

KTM-SHEAUTOകോട്ടയം: നഗരത്തില്‍ ഇനി ഓട്ടോറിക്ഷകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുരക്ഷയൊരുക്കി ഷീ ഓട്ടോറിക്ഷകള്‍ നഗരത്തില്‍ ഇനി സവാരിക്ക് റെഡി. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് ആവിഷ്കരിച്ച പദ്ധതിയാണ് ഷീ ഓട്ടോ. ഷീ ഓട്ടോയില്‍ അംഗമായിരിക്കുന്ന ഓട്ടോ തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ ലഭ്യമാണ്. ഷീ ഓട്ടോയെ തിരിച്ചറിയാന്‍ ഓട്ടോയുടെ മുന്നിലെ ചില്ലിലും അകത്തും ഷീ ഓട്ടോയുടെ പ്രത്യേക സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടാകും. ‘’

അകത്തു പതിപ്പിച്ച സ്റ്റിക്കറില്‍ ഓട്ടോയുടെ നമ്പര്‍, ഡ്രൈവറുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. അതുവഴി ഡ്രൈവറുടെ വിവരങ്ങള്‍ യാത്രക്കാരനു മനസിലാക്കാന്‍ സാധിക്കും. നഗരത്തില്‍ രാത്രിയും പകലും ഷീ ഓട്ടോയുടെ സേവനം ലഭ്യമാണ്. നഗരത്തിലെ തെരഞ്ഞെടുത്ത ഷീ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ബോധവത്കരണ ക്ലാസും സ്റ്റിക്കര്‍ വിതരണവും പള്ളിപുറത്തുകാവ് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്നു. വെസ്റ്റ് സിഐ പി.വി. ബേബി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ട്രാഫിക്ക് എസ്‌ഐ കെ. വിജയന്‍ അധ്യക്ഷതവഹിച്ചു. ട്രാഫിക് എസ്‌ഐ ടി.എ. ജോസഫ്, എഎസ്‌ഐ എന്‍. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 170 ഓട്ടോ തൊഴിലാളികള്‍ക്ക് സ്റ്റിക്കര്‍ വിതരണം സിഐ പി.വി. ബേബി നടത്തി.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കോട്ടയം ജില്ലാ പോലീസ് ആവിഷ്കരിച്ച ഷീ ഓട്ടോയ്ക്കുള്ള സ്റ്റിക്കര്‍ വിതരണ ഉദ്ഘാടനം വെസ്റ്റ് സിഐ പി.വി. ബേബി ഓട്ടോയില്‍ സ്റ്റിക്കര്‍ പതിപ്പിച്ചുകൊണ്ട് നിര്‍വഹിക്കുന്നു. എഎസ്‌ഐ എന്‍. പ്രദീപ്കുമാര്‍ സമീപം.

Related posts