ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്തുനിന്നു നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടനാഭേദഗതി ബില്ലിനെതിരേ അതിശക്തമായി പ്രതിഷേധിക്കാൻ പ്രതിപക്ഷം. ബിൽ ദുരുദ്ദേശപരമാണെന്ന് പ്രതിപക്ഷനേതാക്കൾ പ്രതികരിച്ചു. പ്രതിപക്ഷകക്ഷികളുടെ അടിയന്തരയോഗം വിളിച്ചുചേർത്തതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. ബിൽ പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമമാണെന്ന് വേണുഗോപാൽ പറഞ്ഞു. വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിനീക്കമാണ് ബിജെപി നടത്തുന്നതെന്നും വേണുഗോപാൽ ആരോപിച്ചു.
അഞ്ചു വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണം.
പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടക്കുന്നതെങ്കിൽ മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും. അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും.
അതേസമയം ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബിൽ പറയുന്നു. മന്ത്രിമാര്‍ക്കെതിരേ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ഇത്തരക്കാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.