തേവലക്കര : മക്കൾക്ക് രക്ഷിതാക്കളായ അച്ഛനേയും അമ്മയേയും തലോടാൻ സാധിച്ചാൽ ഒരു നാട്ടിലും വൃദ്ധ സദനങ്ങൾ ഉണ്ടാകില്ലെന്ന് എം.പി അബ്ദു സമദ് സമദാനി അഭിപ്രായപ്പെട്ടു. തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച മിതേര പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലഘട്ടത്തിൽ അമ്മയെ തലോടാൻ മക്കൾ മടിക്കുന്നതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം.
ഏറ്റവും വലിയ സർവകലാശാലയാണ് അമ്മ. പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ അമ്മയും അച്ഛനുമായി അധ്യാപകർ മാറണം. ജീവിത ഗന്ധിയായ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കണം. സഹോദരങ്ങള കൊല്ലാൻ വേണ്ടിയുളള ആയുധപ്പുരകളായി കലാലയങ്ങൾ മാറുന്നത് നാടിന് നല്ലതല്ല.
വർഗീയത ഉടലെടുക്കുന്നത് അറിവില്ലായ്മയിൽ നിന്നാണ്.കുഞ്ഞുങ്ങളെ ശിക്ഷിക്കാനുളള ഇടങ്ങളായി വിദ്യാലയങ്ങൾ മാറരുത്. വടിയെടുക്കാതെ സ്നേഹത്തോടെയുളള ശിക്ഷണം നൽകിയാൽ നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയും എന്നും സമദാനി പറഞ്ഞു.
ചടങ്ങിൽ പ്രഥമാധ്യാപിക എൽ.ലീന, ഉപപ്രഥമാധ്യാപകൻ എ. ആൾട്രിൻ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഓഫീസർ എസ്. സുരേന്ദ്രൻപിളള,അക്കാദമിക് കോ-ഓർഡിനേറ്റർ കാതറിൻ ജോസ് ,ഗോപാലകൃഷ്ണപിളള,എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ സ്കൂൾ ഭാരവാഹികളായ അനിൽകുമാർ,ജയകുമാർ എന്നിവർ സമാദാനിയെ പൊന്നാടയണിയിച്ചാദരിച്ചു.