പാനമ പാരയായി; ബച്ചനെ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാക്കുന്ന തീരുമാനം വൈകും

Amitന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനെ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാക്കുന്ന തീരുമാനം വൈകുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ പുറത്ത് വന്ന പാനമ രേഖകളിലെ കള്ളപ്പണ നിക്ഷേപകരുടെ കൂട്ടത്തില്‍ അമിതാഭ് ബച്ചന്റെ പേരും ഉണ്ടായിരുന്നു. ഇതാണ് തീരുമാനം വൈകിപ്പിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ഇന്‍ക്രഡിബിള്‍ ഇന്ത്യ.—അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡറാക്കുന്ന തീരുമാനം ഈ മാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഇനി കള്ളപ്പണ കേസില്‍ ബച്ചന്റെ നിരപരാധിത്വം തെളിയിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.—

വിദേശത്ത് വ്യാജ കമ്പനികളുടെ പേരില്‍ കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ കൂട്ടത്തില്‍ അമിതാഭ് ബച്ചന്റെയും മരുമകള്‍ ഐശ്വര്യാ റായിയുടെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. നികുതി ഇളവുള്ള രാജ്യങ്ങളിലെ നാലു കമ്പനികളില്‍ ബച്ചന്‍ ഡയറക്ടറാണെന്ന് പാനമ പേപ്പേഴ്‌സ് വെളിപ്പെടുത്തിയിരുന്നു.—

എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ പേര് ആരെങ്കിലും ദുരുപയോഗം ചെയ്തതാകാം എന്നുമായിരുന്നു ബച്ചന്റെ വാദം.—അമിതാഭ് ബച്ചനെയും പ്രിയങ്ക ചോപ്പറായെയും ഇന്‍ക്രഡിബിള്‍ ഇന്ത്യ കാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ജനുവരിയിലാണ് ടൂറിസം മന്ത്രാലയം പുറത്തുവിട്ടത്. ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന ബച്ചനെ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇന്‍ക്രഡിബിള്‍ ഇന്ത്യ കാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.

അസഹിഷ്ണത വിവാദത്തെത്തുടര്‍ന്നാണ് ഇന്‍ക്രഡിബിള്‍ ഇന്ത്യ കാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന അമീര്‍ ഖാനെ മാറ്റിയത്.

Related posts