പൂച്ചാക്കല്‍: വിതരണം ചെയ്യാന്‍ കൊണ്ടുവന്ന റേഷനരിയില്‍ പുഴുക്കളെ കണെ്ടത്തിയതിനെ തുടര്‍ന്നു നാട്ടുകാര്‍ ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിച്ചു. സൗജന്യ വിതരണത്തിനായി കൊണ്ടുവന്ന അരിയിലാണ് പുഴുക്കളെ കണെ്ടത്തിയത്. 21 റേഷന്‍കടകളില്‍ പുഴുക്കള്‍ ഉളള അരികള്‍ വിതരണത്തിനായി കൊണ്ടുവന്നിട്ടുളളത് കണെ്ടത്തി. തുടര്‍ന്നു എല്‍ഡിഎഫിന്റെ നേതൃത്വത്തിലുളള പ്രവര്‍ത്തകര്‍ പൂച്ചാക്കല്‍ പഴയ പാലത്തിനു സമീപമുള്ള റേഷന്‍ മൊത്ത വിതരണകേന്ദ്രത്തില്‍ പരിശോധന നടത്തി.
പരിശോധനയില്‍ 200 ടണ്ണോളം പച്ചരിയില്‍ പുഴുക്കളെ കണെ്ടത്തി. ഈ സമയം മറ്റു റേഷന്‍കടകള്‍ക്ക് കൊണ്ടുപോകാനായി വാഹനത്തില്‍ അരി കയറ്റിയതിനെച്ചൊല്ലി ബഹളം ഉണ്ടായി. മൊത്ത വിതരണകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അരി മുഴുവനായും നശിപ്പിച്ചുകളയണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും വാഹനത്തില്‍നിന്നും തിരികെ ഇറക്കിവെച്ച അരിച്ചാക്കില്‍ കൊടി കുത്തുകയും ചെയ്തു. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചേര്‍ത്തല താലൂക്ക് സപ്‌ളൈ ഓഫീസര്‍ ജോസഫിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
പ്രദേശത്തെ വിവിധ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ എഫ്‌സിഐയുടെ ആലപ്പുഴ ഗോഡൗണിനിന്നും കൊണ്ടുവന്നിട്ടുളള 400ടണ്‍ പച്ചരിയില്‍ 200 ടണ്‍ അരിയിലാണ് പുഴുക്കളെ കണെ്ടത്തിയിട്ടുളളതെന്ന് സ്‌പ്ലൈ ഓഫീസര്‍ പറഞ്ഞു. അരി മോശമാണെന്ന വിവരം ശ്രദ്ധയില്‍പ്പെടുത്താതെയിരുന്നത് പൂച്ചാക്കലിലെ റേഷന്‍ മൊത്തവിതരണ കേന്ദ്രത്തിലെ അധികൃതരുടെ വലിയ വിഴ്ചയാണ് എന്ന് ഓഫിസര്‍ കുറ്റപ്പെടുത്തി. റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷാജി, സേതുലക്ഷ്മി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സാമ്പിള്‍ ശേഖരിച്ചു.
ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ഉദ്യോഗസ്ഥറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ റേഷന്‍കടകളില്‍ വിതരണത്തിനായി കൊടുത്തിരിക്കുന്നതും മൊത്ത വിതരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അരിയും വിതരണം ചെയ്യില്ലയെന്നും, എഫ്‌സിഐയിലേക്ക് തിരികെ അയക്കുമെന്ന ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപരോധ പരിപാടികള്‍ അവസാനിപ്പിക്കുകയായിരുന്നു.