ഹരിപ്പാട്: പോസ്റ്റേൽ പിടിക്കുക എന്നുപറഞ്ഞാൽ, “തദ് ഇദാണ്’. പോലീസും സമരക്കാരും വൈരം മറന്ന് വൈദ്യുതിപോസ്റ്റ് താങ്ങിപ്പിടിച്ചു നിന്നത് 20 മിനിറ്റ്! കെഎസ്ഇബി ജീവനക്കാരും ഫയര്ഫോഴ്സുമെത്തിയ ശേഷമാണ് ഈ ‘പോസ്റ്റ്’ ഒഴിവായത്. ശബരിമല സ്വര്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് ഹരിപ്പാട്ടെ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിലേക്ക് യൂത്ത് കോണ്ഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്ച്ചിലാണ് ഭീതിയും കൗതുകവും നിറഞ്ഞ സംഭവം. പ്രവര്ത്തകരെ തടയനായി പോലീസ് ബാരിക്കേട് സ്ഥാപിച്ചിരുന്നത് വൈദ്യുതിപോസ്റ്റില് വടം കെട്ടിയായിരുന്നു.
പ്രവര്ത്തകരും പോലീസുമായുണ്ടായ ഉന്തിനും തള്ളിനുമിടയില് പോസ്റ്റ് ഒടിഞ്ഞ് ചരിഞ്ഞു. സമരത്തിന്റെ ഫോട്ടോഎടുത്തു കൊണ്ടിരിക്കുന്നതിനിടെ ഇത് ശ്രദ്ധയില്പ്പെട്ട സ്പെഷല് ബ്രാഞ്ച് ഉദ്യോഗസ്ഥന് പെട്ടെന്ന് അപകടാവസ്ഥ സമരക്കാരെയും പോലീസിനെയും അറിയിച്ചു.
പെട്ടെന്നുതന്നെ ഉന്തും തള്ളും നടത്തിക്കൊണ്ടിരുന്ന പോലീസുകാരും സമരക്കാരും സംഘര്ഷം അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നിന്ന് വൈദ്യുതിപോസ്റ്റ് മറിയാതിരിക്കാന് മുകളിലേക്ക് തള്ളിപ്പിടിക്കാന് തുടങ്ങി. 20 മിനിറ്റിലേറെയാണ് ഇങ്ങനെ നില്ക്കേണ്ടിവന്നത്. കെഎസ്ഇബി ജീവനക്കാരും ഫയര്ഫോഴ്സും സ്ഥലത്തെത്തി വൈദ്യുതി വിച്ഛേദിച്ചതിനുശേഷമാണ് ഇരുകൂട്ടരും പോസ്റ്റില്നിന്നു പിടിവിട്ടത്.
തുടർന്ന് സമരക്കാര് സമരത്തിലും പോലീസുകാര് തങ്ങളുടെ പണിയിലും ഏര്പ്പെട്ടു. മുദ്രാവാക്യം വിളിച്ച് പ്രവര്ത്തകര് ഓഫീസിന്റെ മതില് ചാടി വളപ്പിനകത്ത് കടന്നു. ചൂലുമായി വളപ്പിനകത്ത് പ്രവേശിച്ച വനിതാ പ്രവര്ത്തക ഓഫീസിനു മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ചു.
പോലീസ് എല്ലാവരെയും പുറത്തേക്കു നീക്കി. കവാടത്തിനു മുന്നില് നടന്ന പ്രതിഷേധസമരം യൂത്ത് കോണ്ഗ്രസ് ജില്ല പ്രസിഡന്റ് ഡോ. എം.പി. പ്രവീണ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ. നാഥന് അധ്യക്ഷത വഹിച്ചു.