എം.എന്‍. നസിയബീഗം, എം. രമ്യ
കേരള കാര്‍ഷിക സര്‍വകലാശാല
നമ്മുടെ കാലാവസ്ഥയില്‍ കീടങ്ങളും രോഗങ്ങളുമില്ലാതെയുള്ള പച്ചക്കറികൃഷി അസാധ്യമാണ്. രാസകീടനാശിനിയുടെ അമിതമായ ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നു. കൂടിയ തോതിലുള്ള രാസകീടനാശിനി പ്രയോഗം അവയുടെ ഘടകങ്ങള്‍ ചെടികളില്‍ അവശേഷിപ്പിക്കുന്നതിനും ഒരേ കീടനാശിനിയുടെ നിരന്തരമായ ഉപയോഗം കീടങ്ങളില്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കുവാനും കാരണമാകുന്നു. ഈ പശ്ചാത്തലത്തില്‍ നമുക്ക് സസ്യജന്യമായ പല കീടനാശിനികളും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞ ചെലവില്‍ നമുക്കു വീട്ടില്‍ തന്നെ ഇവ തയാറാക്കാം. വിവിധതരം സസ്യജന്യ കീടനാശിനികള്‍ തയാറാക്കുന്നവിധം പരിചയപ്പെടാം.
കിരിയാത്ത് ചെടിയുടെ ഇലകളും ഇളംതണ്ടും ചതച്ച് 500 മില്ലിഗ്രാം നീരെടുക്കുക. 250 മില്ലി വെള്ളത്തില്‍ 30 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് സോപ്പ് ലായനി തയാറാക്കുക. ലായനിയും കിരിയാത്ത് നീരും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഏഴരലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചശേഷം 165 ഗ്രാം വെളുത്തുള്ളി നന്നായി അരച്ചുചേര്‍ക്കുക. ഈ മിശ്രിതം ഒരു തുണി ഉപയോഗിച്ച് അരിച്ചെടുത്ത് ഉപയോഗിക്കാം.
നാറ്റപ്പൂച്ചെടിയുടെ ഇലകളും ഇളംതണ്ടും ചതച്ച് (500 മില്ലിഗ്രാം) നീരെടുക്കുക. 30ഗ്രാം ബാര്‍സോപ്പ് ചെറുതായി മുറിച്ചെടുത്ത് 250 മില്ലി വെള്ളത്തില്‍ ലയിപ്പിച്ച് ഉണ്ടാക്കിയ ലായനി, നാറ്റപ്പൂച്ചെടി നീരുമായി ചേര്‍ക്കുക. ഈ മിശ്രിതത്തില്‍ ഏഴരലിറ്റര്‍ വെള്ളം ചേര്‍ത്ത് ലയിപ്പിച്ച് ഉപയോഗിക്കാം.
50 ഗ്രാം വെളുത്തുള്ളി, 100 മില്ലി വെള്ളത്തില്‍ കുതിര്‍ക്കുക. അടുത്തദിവസം വെളുത്തുള്ളി തൊലികളഞ്ഞ് അരച്ച് പേസ്റ്റാക്കുക. ഇതേപോലെ, മുളക് 25 ഗ്രാം, 50 മില്ലി ലിറ്റര്വെള്ളത്തിലും ഇഞ്ചി 50 ഗ്രാം, 100 മില്ലി ലിറ്റര്‍ വെള്ളത്തിലും അരച്ചു പേസ്റ്റാക്കി മൂന്നുംകൂടി മൂന്നുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി അരിച്ചെടുക്കുക. ഈ മിശ്രിതം പുഴുക്കള്‍ക്കെതിരേ ഫലപ്രദമാണ്.
നുറുക്കിയ 50 ഗ്രാം പപ്പായ ഇല 100 മില്ലി വെള്ളത്തില്‍ മുക്കി ഒരു രാത്രി വയ്ക്കുക. ഇല അടുത്തദിവസം ഞെരടി പിഴിഞ്ഞെടുത്ത സത്ത് മൂന്നുനാലിരട്ടി വെള്ളംചേര്‍ത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാണ്.
ഒരു കൈനിറയെ കാന്താരിമുളക് അരച്ചെടുത്ത്, ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച ലായനി ചേര്‍ത്തിളക്കുക. ഈ മിശ്രിതം പത്തുലിറ്റര്‍ വെള്ളംചേര്‍ത്ത് നേര്‍പ്പിച്ച് മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരേ ഉപയോഗിക്കാം.