ആനക്കമ്പക്കാരുടെ നയനങ്ങള്‍ക്ക് കുളിര്‍മയേകി ഇത്തിത്താനം ഗജമേള

ktm-gajamelaചങ്ങനാശേരി: ആനക്കമ്പക്കാരുടെ നയനങ്ങള്‍ക്ക് കുളിര്‍മയും മനസുകള്‍ക്കു ആഹ്ലാദവും പകര്‍ന്ന് ഇത്തിത്താനം ഗജമേള. ഇന്നലെ സായംസന്ധ്യയിലാണു ഇത്തിത്താനം ക്ഷേത്രാങ്കണത്തില്‍ ഗജരാജന്മാര്‍ അണിനിരന്നത്. കരിവീരന്മാരുടെ തലയെടുപ്പില്‍ മനംനിറഞ്ഞു പതിനായിരക്കണക്കിനുവരുന്ന ജനാവലി ആര്‍പ്പുവിളിച്ചു. കരിവീരന്മാര്‍ വാശിയോടെ തലയെടുപ്പ് കാട്ടി ആനപ്രേമികളെ ആവേശത്തിലേറ്റി. ഗജരാജസംഗമത്തില്‍ തലയെടുപ്പു കാട്ടിയ പുതുപ്പള്ളി കേശവനെ ആവേശത്തോടെയാണ് ജനാവലി എതിരേറ്റത്. ഈ ഗജവീരന്‍ വൈകുന്നേരം നടന്ന കാഴ്ച ശ്രീബലിയില്‍ ദേവിയുടെ തിടമ്പേറ്റി. ഊട്ടോളി അനന്തപത്മനാഭന്‍ ഇടത്തേക്കൂട്ടും പാമ്പാടി രാജന്‍ വലത്തേക്കൂട്ടും അണിഞ്ഞ് അകമ്പടി സേവിച്ചു. ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണു ഗജമേള അരങ്ങേറിയത്.

രാവിലെ മുതല്‍ കാവടി സംഘങ്ങളുടെ നേതൃത്വത്തില്‍ നടന്ന കാവടിഘോഷയാത്രകള്‍ ഇത്തിത്താനത്തെ ഗ്രാമവീഥികളെ ഭക്തിസാന്ദ്രമാക്കി. ഇളങ്കാവ് മഹാദേവി കാവടിസംഘം, അമ്പലക്കോടി യുവജനസമാജം, ചാലച്ചിറ ശ്രീകൃഷ്ണ സേവാസമിതി, പൊന്‍പുഴ യുവജനസമാജം, കൊരട്ടിമല ഹൈന്ദവസേവാസമിതി, പാപ്പാഞ്ചിറ യുവജനസിമിതി, മുട്ടുചിറ ദേവിവിലാസം ഭജനസമിതി, മലകുന്നം അയ്യപ്പസേവാസമിതി, ചെമ്പുചിറ യുവജനസമാജം, ചിറവമുട്ടം ശ്രീദേവി യുവജനസമാജം, എന്നിവയുടെ നേതൃത്വത്തിലാണ് കാവടി കുംഭകുടഘോഷയാത്രകള്‍ നടന്നത്.

കുംഭകുടഘോഷയാത്രകള്‍ക്ക് അകമ്പടിയായാണ് കേരളത്തിലെ പ്രശസ്തനായ ഗജരാജനായ പാമ്പാടി രാജന്‍ മുതല്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ വരെ എത്തിയത്. 15 ഗജവീരന്മാരാണ് എഴുന്നള്ളത്തിലും സംഗമത്തിലും പങ്കെടുത്തത്.ഗജമേളയ്ക്കിടെ ആന വിരണെ്ടന്നുകേട്ട് ജനങ്ങള്‍ ഭയന്നോടിയതു പരിഭ്രാന്തി പരത്തി. പോലീസ് ഉദ്യോഗസ്ഥരുടെയും ദേവസ്വം ഭരണാധികാരികളുടെയും സമയോചിത ഇടപെടലാണ് ജനാവലിയെ ശാന്തരാക്കിയത്.

Related posts