നേമം: വെള്ളായണി മാങ്കിളിക്കരിയില്‍ ഉത്സവഛായയില്‍ കൊയ്ത്ത്. വെളളായണിയിലെ പുഞ്ചപ്പാടങ്ങളിലൊന്നായ മാങ്കിളിക്കരിയില്‍ കല്ലിയൂര്‍ കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ കൊയ്ത്ത് ഉത്സവം നടന്നത്. രാവിലെ ഒമ്പതോടെ ആരംഭിച്ച കൊയ്ത്ത് ഉച്ച കഴിഞ്ഞാണ് അവസാനിച്ചത്.
കൊയ്ത്തുത്സവത്തില്‍ കല്ലിയൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരും പങ്കെടുത്തു. കൊയ്തെടുക്കുന്ന ജൈവനെല്ല് കുത്തരിയാക്കി കല്ലിയൂര്‍ കൃഷിഭവന് വഴി നാട്ടുകാര്‍ക്ക് വില്‍ക്കുവാനാണ് കര്‍മസേനയുടെ തീരുമാനം. 10 ഹെക്ടറോളം വരുന്ന പാടത്ത് മൂന്നര ഹെക്ടറിലാണ് കല്ലിയൂര്‍ കൃഷിഭവനുകീഴില്‍ വരുന്ന കാര്‍ഷിക കര്‍മസേനയിലെ 25 അംഗങ്ങള്‍ കൃഷിയിറക്കിയത്. പ്രത്യാശ, ഉമ എന്നീ നെല്‍വിത്തുകളാണ് വിതച്ചത് . ജൈവവളങ്ങള്‍ ഉപയോഗിച്ചായിരുന്നു കൃഷി.
ഇതിനിടയില്‍ പെട്ടിയും പറയും പ്രവര്‍ത്തിക്കുന്ന പുഞ്ചക്കരി, മാങ്കിളിക്കരി പമ്പ് ഹൗസുകളുടെ വൈദ്യുതി ചാര്‍ജ് ഇറിഗേഷന്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി വൈദ്യുതി കട്ട് ചെയ്യുകയും വെള്ളം അടിച്ചുകളയാന്‍ കഴിയാതെ നെല്‍കൃഷി വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇത് കര്‍ഷകരില്‍ പ്രതിഷേധത്തിന് ഇടയാക്കി. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കണക്ഷന് പുനഃസ്ഥാപിക്കുകയാണ് ചെയ്തത്.
കൊയ്ത്തുത്സവത്തില്‍ കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി, കര്‍മസേന പ്രസിഡന്റ് വിവേകാനന്ദന്, സെക്രട്ടറി അജിത്ത് കുമാര്‍, കൃഷി ഓഫീസര്‍ ശ്രീകുമാരന്‍നായര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശൈലജ, വാര്‍ഡ് അംഗം മനോജ് കെ.നായര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.