ചൂട് സഹിക്കാനാകാതെ കന്നുകാലികള്‍ ചത്തൊടുങ്ങുന്നു

tvm-sunതേവലക്കര: അസഹനീയമായ വേനല്‍ ചൂട് സഹിക്കാനാകാതെ ചവറയുടെ വിവിധ ഭാഗങ്ങളില്‍ കന്നുകാലികള്‍ ചത്തൊടുങ്ങുകയാണ്. തേവലക്കര പാലയ്ക്കല്‍ കൂഴംകുളങ്ങര വീട്ടില്‍ രാമന്‍ കുട്ടിപ്പിള്ള (ബാബു പിള്ള) യുടെ വീട്ടില്‍ എട്ട് മാസം ഗര്‍ഭിണിയായ പശു കഴിഞ്ഞദിവസം  രാവിലെ തളര്‍ന്നുവീണ് ചത്തു. രാവിലെ കാടി വെള്ളം കുടിച്ച പശുവിനെ വീട്ടുകാര്‍ പുരയിടത്തിലെ മരച്ചുവട്ടില്‍ കെട്ടിയിരുന്നതാണ്.

ഒമ്പതോടെ  കുഴഞ്ഞ് വീണ പശു തല്‍ക്ഷണം ചാവുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. പാലയ്ക്കല്‍ മാമ്പഴത്തറ കിഴക്കതില്‍ ഷരീഫിന്റെ പശു, പാലയ്ക്കല്‍ കാരാളച്ചംമൂട്ടില്‍ ശോഭയുടെ പശു, മുകുന്ദപുരം സ്വദേശി ബദറിന്റെ ഗര്‍ഭിണിപ്പശു, ചോല കൊച്ചു മണപ്പുഴയില്‍ സലിമിന്റെ പശു എന്നിവയും കഴിഞ്ഞ ദിവസങ്ങളില്‍ ചത്തിരുന്നു.

പന്‍മന, ചവറ, തേവലക്കര ഭാഗങ്ങളിലായി പത്തോളം കാലികളാണ്  ഇതുവരെ ചത്തത്. യാതൊരു അസുഖങ്ങളുമില്ലാത്ത കാലികള്‍ ചൂട് കാരണമാണ്  തളര്‍ന്ന് വീണ് ചാവുന്നതെന്ന് മൃഗഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചണ ചാക്കുകള്‍ നനച്ച് കാലികളുടെ ശരീരത്ത് ഇടാനും ഇടയ്ക്കിടക്ക് ഇവയെ വെള്ളം നനച്ച് തണുപ്പിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related posts