വേനല്‍ചൂടില്‍ വെന്തുരുകി ആലപ്പുഴ; കന്നുകാലികള്‍ ചത്തൊടുങ്ങുന്നതില്‍ ക്ഷീരകര്‍ഷകരും ആശങ്കയില്‍

ktm-sunആലപ്പുഴ:  ജലാശയങ്ങളുടെ നാടായ ആലപ്പുഴയ്ക്കു വേനല്‍ച്ചൂട് താങ്ങാനാകുന്നില്ല. മനുഷ്യരോടൊപ്പം കന്നുകാലികള്‍ക്കും വേനല്‍ കനത്ത ഭീഷണിയാണു സൃഷ്ടിക്കുന്നത്. നിരവധി പേരാണു സൂര്യാഘാതമേറ്റു ഇതിനോടകം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. മൂന്നു മരണങ്ങള്‍ ജില്ലയിലുണ്ടായതായാണു കണക്ക്. കഴിഞ്ഞദിവസം ചാരുംമൂട്ടില്‍ വെല്‍ഡിംഗ് തൊഴിലാളി സൂര്യാഘാതമേറ്റു മരിച്ചിരുന്നു. കടുത്ത ചൂടിനെത്തുടര്‍ന്നു നിര്‍ജലീകരണം സംഭവിച്ചാണ് സൂര്യാഘാത മരണങ്ങളുണ്ടായിരിക്കുന്നത്.
സാധാരണ വേനല്‍ക്കാല താപനിലയേക്കാള്‍ ഉയര്‍ന്ന ഊഷ്മാവാണ് ആലപ്പുഴയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി 36 ഡിഗ്രി ചൂടാണു ജില്ലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അന്തരീക്ഷ സാന്ദ്രത 81 ശതമാനമായതോടെ കനത്ത ചൂടാണു ജില്ലയില്‍ അനുഭവപ്പെടുന്നത്. ഉഷ്ണ തരംഗ ഭീഷണിയിലാണ് ജില്ലയെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പകല്‍ സമയത്ത് പുറം ജോലികള്‍ ചെയ്യുന്നവരുടെ തൊഴില്‍ സമയത്തിനടക്കം ക്രമീകരണം വരുത്തിയെങ്കിലും സൂര്യാഘാതമേല്ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കരക്കൃഷിയെയും കനത്ത ചൂട് ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഓണക്കാലം ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്‍ഷകരുടെ ഏക്കറുകണക്കിനു കൃഷി പലയിടങ്ങളിലും ഇതിനോടകം നശിച്ചുകഴിഞ്ഞു. വിളവിലും കനത്ത ചൂട് കുറവു വരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി കാലങ്ങളില്‍ വേനല്‍ മഴ പലയിടങ്ങളിലും പെയ്‌തെങ്കിലും പകല്‍ സമയങ്ങളിലെ കനത്ത ചൂടിനു യാതൊരു ശമനവുമുണ്ടാക്കിയിട്ടില്ല.

കായംകുളം:  മനുഷ്യനു പിന്നാലെ സൂര്യാതപമേറ്റു ജീവന്‍ പൊലിയുന്ന കന്നുകാലികളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരുന്നത് ക്ഷീര കര്‍ഷകരെ ആശങ്കയിലാക്കുന്നു. ജില്ലയില്‍ ഇതുവരെ 15ഓളം പശുക്കള്‍ സൂര്യാതപമേറ്റു ചത്തതായാണു കണക്ക്. മൃഗസംരക്ഷണ വകുപ്പിന്റെ  കണക്കു പ്രകാരം സൂര്യാതാപമേറ്റും അല്ലാതെയും 13 കന്നുകാലികള്‍ ചത്തതായാണു കണക്ക്. കൂടാതെ സൂര്യതാപമേറ്റു  പൊള്ളലേല്‍ക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്.  ഇതിനു ആരോഗ്യ വകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്കു ജോലിസമയങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കന്നുകാലികള്‍ ചത്തൊടുങ്ങുന്നതു ഗൗരവമായി കാണണമെന്നു മൃഗ സംരക്ഷണ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. കറ്റാനത്ത് മൂന്ന്, കടക്കരപ്പള്ളി രണ്ട്, പത്തിയൂര്‍, കുമാരപുരം, വള്ളികുന്നം, ചേന്നംപള്ളിപ്പുറം, പുലിയൂര്‍, ചെങ്ങന്നൂര്‍, ചെട്ടികുളങ്ങര, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ ഓരോ കന്നുകാലികളും ചത്തതായാണു കണക്ക്. പരമ്പരാഗത ക്ഷീരകര്‍ഷകര്‍ക്ക് വന്‍സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാകുന്നത്. നിലവില്‍, ബാങ്കുകളില്‍നിന്നും മറ്റും കൂടിയ പലിശയ്ക്കു വായ്പയെടുത്താണു പല ക്ഷീര കര്‍ഷകരും ഈ രംഗത്തു ഉപജീവനം നടത്തുന്നത് .

ചൂടു കൂടിയതോടെ ലഭിക്കുന്ന പാലിന്റെ  അളവിലും കാര്യമായ കുറവ് അനുഭവപ്പെടുന്നതായി കര്‍ഷകര്‍ പറയുന്നു. മിക്ക ക്ഷീര കര്‍ഷകരും സങ്കരയിനം പശുക്കളെയാണ് കൂടുതല്‍ പാല്‍ ലഭിക്കാനായി വളര്‍ത്തുന്നത്. നാടന്‍ പശുക്കളെ അപേക്ഷിച്ച് കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ശേഷി ഇവയ്ക്കു നന്നേ കുറവാണ്. അതിനാലാണ് ഇവ പെട്ടന്ന് കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയാതെ ചാകുന്നതെന്നാണു മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ കണ്ടെത്തല്‍. ചുട്ടുപൊള്ളുന്ന വേനലില്‍ പല ഗ്രാമ പ്രദേശങ്ങളിലും തുറസായ സ്ഥലങ്ങളില്‍ കന്നുകാലികളെ മേയാന്‍ വിടാറുണ്ട്.

ഇതും കന്നുകാലികളുടെ ജീവനു ഭീഷണിയാകുന്നു, സ്ഥലത്ത് കന്നുകാലികളെ കെട്ടുന്നതു പൂര്‍ണമായും ഒഴിവാക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിക്കുന്നു. കാലികളെ മേയാന്‍ വിടുന്നതും ഒഴിവാക്കണം. കഴിവതും ഷെഡുകളില്‍ത്തന്നെ കാലികളെ കെട്ടുക. വെയിലേറ്റു തളര്‍ന്നു വീണുകഴിഞ്ഞാല്‍ കാലികളുടെ ജീവന്‍ രക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. കുടിക്കാന്‍ ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കാനും ശ്രദ്ധവേണം. കാലിത്തീറ്റകള്‍ കുറച്ചുകൊണ്ട് തീറ്റപ്പുല്ല് കൂടുതലായി നല്‍കണം. കര്‍ഷകര്‍ക്കു അടിയന്തര സഹായം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related posts