250 പേര്‍ക്ക് ഏക്കറുകണക്കിന് ഭൂമി ദാനം നല്‍കി! നിലവില്‍ കഴിയുന്നത് പതിനഞ്ചംഗ കുടുംബത്തോടൊപ്പം വാടകവീട്ടില്‍; അറുപതുകാരനായ മുഗുദ സൂര്യനാരായണ ആചാരി വ്യത്യസ്തനാവുന്നതിങ്ങനെ

ലോകത്തിന് നന്മ ചെയ്യുന്നവരുടെ ജീവിതം പലപ്പോഴും ദുരൂഹത നിറഞ്ഞതും ആളുകള്‍ക്ക് അത്ഭുതം തോന്നുന്നതുമായിരിക്കും. കാരണം ഉപകാരികള്‍ ലോകത്തിന് അത്ര പരിചിതരല്ലല്ലോ. അത്തരത്തില്‍ ലോകത്തിന്റെ മുമ്പില്‍ അപൂര്‍വ്വത നിറഞ്ഞൊരു മനുഷ്യനാണ് ഒഡീഷയിലെ കോരപുട്ടിലെ ജയ്പൂര്‍ സ്വദേശിയായ അറുപതുകാരന്‍ മുഗുദ സൂര്യനാരായണ ആചാരി. അദ്ദേഹം ചെയ്തതിതാണ്, 250 പേര്‍ക്ക് 2.3 ഏക്കര്‍ ഭൂമി ദാനം നല്‍കിയശേഷം മക്കളോടും മരുമക്കളോടും പേരക്കുട്ടികളോടുമൊപ്പം 15 പേരടങ്ങുന്ന വാടകവീട്ടില്‍ ജീവിക്കുന്നു.

എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് വരെ ഇദ്ദേഹത്തിന്റെ അവസ്ഥ ഇതായിരുന്നില്ല. ജയ്പൂരിലെ വീടില്ലാത്ത ദിവസക്കൂലിക്കാര്‍, വിധവകള്‍ ഉള്‍പ്പെട്ട 250 കുടുംബങ്ങള്‍ക്കാണ് സൂര്യനാരായണ തന്റെ 2.3 ഏക്കര്‍ ഭൂമി ദാനമായി നല്‍കിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു അവശേഷിക്കുന്ന സ്ഥലവും ദാനം ചെയ്തത്. 10 പേര്‍ക്ക് 360 ചതുരശ്രയടി വീതമാണ് ദാനമായി നല്‍കിയത്. എന്നാല്‍ തനിക്ക് സ്വന്തമായി വീടില്ലെങ്കിലും, വീടില്ലാത്ത പാവങ്ങള്‍ക്ക് അതുണ്ടാവാന്‍ താന്‍ നിമിത്തമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് സൂര്യനാരായണ പറയുന്നു.

1997 ല്‍ ഇദ്ദേഹം തന്റെ വീടിന് സമീപം വീരഭദ്രന്റെ ഒരു അമ്പലം സ്ഥാപിച്ചിരുന്നു. ഈ അമ്പലത്തിലെ പൂജാരിയുടെ നിര്‍ദേശപ്രകാരമാണ് സൂര്യനാരായണ ദാനം നല്‍കി തുടങ്ങിയത്. രണ്ടു ലക്ഷം രൂപയ്ക്ക് 2.3 ഏക്കര്‍ ഭൂമി വാങ്ങിയാണ് ദാനം നല്‍കി തുടങ്ങിയത്. എന്നാല്‍ ബിസിനസില്‍ നഷ്ടം സംഭവിച്ചതോടെ സൂര്യനാരായണയ്ക്ക് താമസിക്കുന്ന വീടും സ്ഥലവും നഷ്ടമായി. എങ്കിലും അദ്ദേഹമത് തിരിച്ചുവാങ്ങാനോ ചോദിക്കാനോ പോയില്ല.

15 പേരടങ്ങുന്ന കുടുംബം വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ഇപ്പോള്‍ വര്‍ക്ക്‌ഷോപ്പിനും വീടിനുമായി മാസം 15000 രൂപയാണ് വാടകയിനത്തില്‍ നല്‍കുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് സൂര്യനാരായണയുടെ തീരുമാനത്തില്‍ ഇഷ്ടക്കുറവൊന്നുമില്ല. ഇപ്പോള്‍ ബിസിനസ് ആവശ്യത്തിനായി 99 വര്‍ഷത്തെ പാട്ടത്തിന് ഭൂമി ലഭിക്കാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് സൂര്യനാരായണ.

 

 

Related posts