കൊച്ചി: വല്ലാർപാടം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരന്പി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിനുപേർ പങ്കെടുത്ത മാർച്ച് ടോൾ പ്ലാസയ്ക്കു സമീപം പോലീസ് തടഞ്ഞു. രാവിലെ ഒന്പതോടെ ആരംഭിച്ച മാർച്ചിന് സംയുക്ത സമരസമിതി നേതാക്കൾ നേതൃത്വം നൽകി.
ടോൾ പ്ലാസയ്ക്കു സമീപം പോലീസ് മാർച്ച് തടഞ്ഞതോടെ സമരക്കാർ പ്രതിഷേധ യോഗം ചേർന്നു. സർവകക്ഷി തീരുമാനപ്രകാരമാണ് ടൂൾ ബൂത്തിലേക്കു മാർച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ മാസമാണ് കണ്ടെയ്നർ റോഡിൽ ടോൾ പിരിക്കാനുള്ള നടപടികളുമായി അധികൃതർ രംഗത്തെത്തിയത്. ഇതിനെതിരേ കനത്ത പ്രതിഷേധം ഉയരുകയും ടോൾ പ്ലാസ ഉപരോധിക്കലടക്കമുള്ള സമരവുമായി പ്രദേശവാസികൾ രംഗത്തെത്തുകയും ചെയ്തതോടെ ടോൾ പിരിവ് നീട്ടിവയ്ക്കുകയായിരുന്നു.
പിന്നീട് കഴിഞ്ഞ ശനിയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് നടത്തിയ ചർച്ചയിലാണ് ഞായറാഴ്ച രാവിലെ മുതൽ പിരിവ് തുടങ്ങാൻ തീരുമാനിച്ചത്. ഇതനുസരിച്ച് ഞായറാഴ്ച രാവിലെ പോലീസ് കാവലിൽ പിരിവ് തുടങ്ങാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരെത്തി തടയുകയും പിന്നീട് മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തിരുന്നു.
മുളവുകാടിനെ ടോളിൽനിന്ന് ഒഴിവാക്കാമെന്ന് അറിയിച്ചെങ്കിലും ഇതു സംബന്ധിച്ച് രേഖാമൂലം ഉറപ്പു വേണമെന്നാണ് പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം. സർവീസ് റോഡും, അണ്ടർ പാസേജും പൂർത്തിയാക്കിയതിനു ശേഷം പിരിവ് ആരംഭിക്കാവൂ എന്നും ഇവർ പറയുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുക, അപകടം വിളിച്ചുവരുത്തുന്ന രീതിയിലുള്ള കണ്ടെയ്നറുകളുടെ പാർക്കിംഗ് ഒഴിവാക്കുക, റോഡിൽ തെരുവുവിളക്ക് സ്ഥാപിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
പ്രതിഷേധം കണക്കിലെടുത്ത് എറണാകുളം സെൻട്രൽ സിഐ അനന്തലാലിൻറെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. അതിനിടെ, ടോൾ പിരിവിൽ പ്രതിഷേധിച്ച് കണ്ടെയ്നർ ട്രക്ക് ഉടമകളും വിവിധ സംഘടനകളും നടത്തിവരുന്ന പണിമുടക്ക് ഇന്ന് നാലാം ദിവസത്തിലേക്കു കടന്നു. വല്ലാർപാടം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം പൂർണമായും സ്തംഭിച്ച നിലയിലായിട്ടും ചർച്ച നടത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് കണ്ടെയ്നർ മോണിട്ടറിംഗ് കമ്മിറ്റി കണ്വീനർ ചാൾസ് ജോർജ് പറഞ്ഞു.
കണ്ടെയ്നർ ലോറികൾക്ക് ടോൾ ഈടാക്കരുതെന്നും പാർക്കിംഗിന് സ്ഥലം അനുവദിക്കണമെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് ഇമെയിൽ അയച്ചിരുന്നെന്നും തുടർനടപടികൾ സ്വീകരിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു മറുപടി ലഭിച്ചെന്നും ചാൾസ് ജോർജ് പറഞ്ഞു. കണ്ടെയ്നർ മോണിട്ടറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ടോൾ ഗേറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു.