തൃശൂര്‍: ബൈക്ക് യാത്രികര്‍ക്കും ചെറുവാഹനങ്ങള്‍ക്കും അപകടഭീഷണിയുയര്‍ത്തി ജില്ലയില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ വര്‍ധിച്ചു. ആറുവരിപ്പാത നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 47ലാണ് ബസുകളുടെ പാച്ചില്‍ ഏറ്റവും അപകഭീഷണി സൃഷ്ടിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇവിടെ ഇടയ്ക്കിടെ റോഡ് ബ്ലോക്കാവുന്നത് പതിവാണ്. ഇതോടെ സമയം തെറ്റുന്ന ബസുകള്‍ അമിതവേഗമെടുക്കാന്‍ നിര്‍ബന്ധിതരാകും. പിന്നെ കാതടപ്പിക്കുന്ന എയര്‍ഹോണും മുഴക്കിയുള്ള മരണപ്പാച്ചിലാണ്.
ഇടതുവശത്തുകൂടെ മറികടന്നും ശബ്ദമെടുത്ത് യാത്രക്കാരെ പേടിപ്പിച്ചുമൊക്കെയാണ് പാച്ചില്‍. റോഡിലൂടെ മാത്രമല്ല റോഡരികിലൂടെ പോയാലും രക്ഷയില്ലെന്ന അവസ്ഥവരുന്നതോടെ ഈസമയത്ത് ബൈക്കിലും ചെറുവാഹനങ്ങളിലും യാത്ര ചെയ്യുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. റോഡില്‍ ഏറ്റവും തിരക്കുള്ള രാവിലെ ഏഴു മുതല്‍ ഒമ്പതുവരെയുള്ള സമയങ്ങളിലും വൈകുന്നേരങ്ങളിലുമാണ് ബസുകളുടെ മത്സരയോട്ടം കൂടുതല്‍. ഈസമയങ്ങളില്‍ ബസില്‍ യാത്രചെയ്യുന്നവരുടെ കാര്യവും ദുരിതമാണ്. അമിതവേഗത്തില്‍ ആടിയുലഞ്ഞുപോകുന്ന ബസുകളില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ശാസമടക്കിപ്പിടിച്ചാണ് യാത്ര ചെയ്യുന്നത്.
ബസുകളുടെ പരമാവധി വേഗം 60 ആയി നിജപ്പെടുത്തി വേഗപ്പൂട്ടുകള്‍ ഘടിപ്പിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെയാണ് പല ബസുകളും സര്‍വീസ് നടത്തുന്നത്. രജിസ്ട്രേഷന് സമയത്ത് മാത്രമാണ് സ്പീഡ് ഗവര്‍ണര്‍ പരിശോധന നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. ഇടവിട്ടുള്ള പരിശോധനയില്ലാത്തതിനാല്‍ പിന്നീട് ഇതിന്റെ ബന്ധം വേര്‍പ്പെടുത്തിയാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.
ആറുവരിപ്പാതയ്ക്കായി പണിത സര്‍വീസ് റോഡുകളിലൂടെ ബസ് ട്രാക്കുമാറ്റി ഓടിക്കുന്നതും തൃശൂര്‍-പാലക്കാട് റോഡിലെ പതിവു കാഴ്ചയാണ്. അപ്രതീക്ഷിതമായുള്ള ബസുകളുടെ വരവ് കണ്ട് തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ റോഡില്‍ നിന്ന് ഓടിമാറിയാണ് രക്ഷപ്പെടുന്നത്. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെടുന്ന ബൈക്ക് യാത്രികര്‍ ട്രാഫിക് പോലീസില്‍ പരാതി നല്‍കുന്നത് പതിവാണ്. മദ്യപിച്ച് ബസ് ഓടിക്കുന്ന ചില ഡ്രൈവര്‍മാര്‍ അടുത്തിടെ പോലീസ് ചെക്കിംഗില്‍ കുടുങ്ങിയിരുന്നു. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരും ഡ്രൈവര്മാര്ക്കിടയിലുണ്ടെന്ന് പോലീസ് പറയുന്നു.