അടിസ്ഥാന സൗകര്യങ്ങളില്ലാതെ മണ്ണാര്‍ക്കാട് നഗരസഭാ കാര്യാലയം

PKD-NAGARASABHAമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്തിയെങ്കിലും കാര്യാലയത്തിന് അസൗകര്യങ്ങളേറെയെന്ന് പരാതി. ഗ്രാമപഞ്ചായത്തായി പ്രവര്‍ത്തിച്ചിരുന്ന മണ്ണാര്‍ക്കാടിനെ നഗരസഭയാക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നും അധികൃതര്‍ ഇതുവരെ ഒരുക്കിയിട്ടില്ല. മുമ്പുണ്ടായിരുന്ന ജീവനക്കാര്‍ തന്നെയാണ് നഗരസഭയിലുള്ളത്. ഇരട്ടിയോളം ജീവനക്കാര്‍ വേണ്ടിടത്താണ് ഈ സ്ഥിതി. ഇതുപോലെ കമ്പ്യൂട്ടര്‍വത്കരണവും പൂര്‍ണമല്ല. ഇതുമൂലം വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് യഥാസമയം കാര്യങ്ങള്‍ നിറവേറ്റി കൊടുക്കാനും ജീവനക്കാര്‍ക്കു കഴിയുന്നില്ല.

ദിനംപ്രതി അഞ്ഞൂറോളം പേരാണ് നഗരസഭയില്‍ എത്തുന്നത്. ഇതിനു പുറമേ ഫ്രണ്ട് ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നു. ആകെയുള്ള ഒരു ജീപ്പാണ് വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയില്‍ ഉപയോഗിക്കുന്നത്. വിസ്തൃതമായ നഗരസഭയുടെ വിവിധ ആവശ്യങ്ങള്‍ക്ക് ഓടുന്നതിനാല്‍ നഗരസഭാ ചെയര്‍പേഴ്‌സണോ മറ്റുള്ളവര്‍ക്കോ പോകാന്‍ കഴിയാത്ത സാഹചര്യവും നിലനില്ക്കുന്നു.

ഈ സാഹചര്യത്തില്‍ ഒരു വാഹനം കൂടി അനുവദിച്ചാലേ പ്രശ്‌നപരിഹാരമാകൂ. വികസനത്തിന് ആവശ്യമായ ഫണ്ട് ലഭിച്ചാല്‍ മാത്രമേ ഭരണസമിതിക്കു എന്തെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാകൂ. കെട്ടിടനവീകരണംപോലുള്ള കാര്യങ്ങളും നടക്കുന്നില്ല. പൊളിഞ്ഞൂവീഴാറായ ഹാളിലാണ് നഗരസഭാ യോഗവും മറ്റും നടക്കുന്നത്. എത്രയുംവേഗം ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുകയും ആവശ്യമായ ഫണ്ട് അനുവദിച്ച് വികസനപ്രവര്‍ത്തനങ്ങളും നടപ്പാക്കിയാല്‍ മാത്രമേ പ്രശ്‌നപരിഹാരമാകൂ.

Related posts