കൊച്ചി: ചാലക്കുടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിന് 3.96 കോടിയുടെ സ്വത്ത്. ഭൂമി, വീട് എന്നീ സ്ഥാവര ആസ്തികളുടെ മൂല്യം 1,02,63,700 രൂപയും വാഹനം, സ്വർണം, ബാങ്ക് നിക്ഷേപങ്ങൾ എന്നീ ജംഗമ ആസ്തി ഇനത്തിൽ 2,93,76,262 രൂപയും വരും. നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച ആസ്തി വിവരരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഒരു ബെൻസ് കാറും രണ്ട് ഇന്നോവ കാറുകളുമുണ്ട്. ബെൻസ് കാർ 2016ൽ സെക്കൻഡ് ഹാൻഡായി വാങ്ങിയതാണ്. വില 18 ലക്ഷം രൂപ. 2016ൽ വാങ്ങിയ കെഎൽ 45 പി-2000 ഇന്നോവ കാറിന് 20 ലക്ഷവും 2017ൽ വാങ്ങിയ കെഎൽ 45 ജെ-8282 ഇന്നോവ കാറിന് 19.50 ലക്ഷം രൂപയുമാണ് വില. ഇരിങ്ങാലക്കുട ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റിഡൽനിന്നെടുത്ത 2,89,166 രൂപയുടെ ഇൻഷ്വറൻസ് ഉണ്ട്. കാർ വാങ്ങുന്നതിന് ടൊയോട്ട ഫിനാൻഷ്യൽ സർവീസസിൽനിന്ന് 6,70,000 രൂപ വായ്പയെടുത്തിട്ടുണ്ട്.
ഭാര്യ ആലീസിന് 63.89 ലക്ഷം രൂപയുടെ ആസ്ഥിയുണ്ട്. 41,33,513 രൂപയുടെ ജംഗമ ആസ്തിയും 22,55,000 രൂപയുടെ സ്ഥാവര ആസ്തിയും. കൈവശമുള്ള 640 ഗ്രാം സ്വർണത്തിന് 18,88,000 രൂപയാണ് വില. മകൻ സോണറ്റിന്റെ കൈവശം 10,000 രൂപയുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടിൽ 19,78,627 രൂപയുണ്ട്. അവിടെത്തന്നെ 15,75,000 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. കൈവശമുള്ള 50 ഗ്രാം സ്വർണത്തിന് 1,47,500 രൂപയാണ് വില.
എറണാകുളം ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി. രാജീവിനു 16,78,774 രൂപയുടെ ആസ്തിയുണ്ടെങ്കിലും സ്വന്തമായി വീടും സ്ഥലവുമില്ല. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച ആസ്തി രേഖയിലാണ് ഈ വിവരം. 8,14,567 രൂപയുടെ ബാധ്യതയുണ്ട്. കൈവശമുള്ളത് 1000 രൂപ. ഒൻപത് ലക്ഷം രൂപ മൂല്യമുള്ള 2012 മോഡൽ ഇന്നോവ കാർ സ്വന്തം പേരിലുണ്ട്. ബാങ്ക് നിക്ഷേപമായി 2,77,024 രൂപയും 750 രൂപയുടെ ഷെയറും അഞ്ചു ലക്ഷം രൂപയുടെ ഇൻഷ്വറൻസും ഉണ്ട്.
രാജീവിന്റെ ഭാര്യ വാണി കേസരിക്കു വീടും കൃഷി ഭൂമിയും ഉൾപ്പെടെ 1.90 കോടി രൂപ മൂല്യമുള്ള സ്ഥാവര സ്വത്തുണ്ട്. 42,98,155 രൂപ മൂല്യമുള്ള ജംഗമ വസ്തുക്കളുണ്ട്. 11.69 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും 7.25 ലക്ഷത്തിന്റെ ഇൻഷ്വറൻസും 24 ലക്ഷം വിലയുള്ള സ്വർണവും അടങ്ങുന്നതാണ് ജംഗമ വസ്തുക്കൾ. അമ്മ രാധയുടെ പേരിൽ 2.31 കോടിയുടെ സ്ഥാവര വസ്തുക്കളുണ്ട്. 79,661 രൂപയുടെ ജംഗമ സ്വത്തുമുണ്ട്.
കെമിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും എൽഎൽബിയുമാണ് രാജീവിന്റെ വിദ്യാഭ്യാസ യോഗ്യത. മുൻ രാജ്യസഭാ എംപി എന്ന നിലയിലുള്ള 21,500 രൂപ പെൻഷനാണ് മാസവരുമാനം. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ഡയറക്ടറായ വാണിക്ക് 80,375 രൂപയാണ് മാസവരുമാനം. നോർത്ത് പറവൂർ, അങ്കമാലി, എറണാകുളം നോർത്ത് സ്റ്റേഷനുകളിലായി ഗതാഗതം തടസപ്പെടുത്തിയതിന് ഓരോ കേസുകൾ രാജീവിന്റെ പേരിലുണ്ട്.