ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിശ്ചിത ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ജില്ലയില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടത് 51 സ്ഥാനാര്‍ഥികള്‍ക്ക്. മൊത്തം പോള്‍ ചെയ്യുന്ന വോട്ടിന്റെ ആറില്‍ ഒന്ന് നേടാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കെട്ടിവച്ച തുക തിരികെ ലഭിക്കു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ 10,000 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നാമനിര്‍ദേശ പത്രിക നല്കുമ്പോള് കെട്ടിവയ്ക്കേണ്ടത്.
തെരഞ്ഞെടുപ്പില്‍ നിശ്ചിത ശതമാനം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ തുക സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുകയാണ് ചെയ്യുക. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലായി 75 സ്ഥാനാര്‍ഥികള്‍ മത്സരിച്ചപ്പോള്‍ ജയിച്ചവരടക്കം 24 പേര്‍ക്കാണ് നിശ്ചിത വോട്ട് നേടാന്‍ കഴിഞ്ഞത്. പ്രമുഖ മുന്നണികളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളായി ഹരിപ്പാട്, കായംകുളം, ചേര്‍ത്തല, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളില്‍ മത്സരിച്ചവരുടെ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.
ബിഎസ്പി, എസ്യുസിഐസി, പിഡിപി, എസ്ഡിപിഐ, സ്വതന്ത്രര്‍ തുടങ്ങിയവര്‍ക്കും കെട്ടിവച്ച തുക നഷ്ടമായി. ചെങ്ങന്നൂരില്‍ സ്വതന്ത്രയായി മത്സരിച്ച മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജിന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. 3966 വോട്ടുകളാണ് ശോഭനാ ജോര്‍ജ് നേടിയത്. ഇവിടെ കെട്ടിവച്ച കാശ് നഷ്ടപ്പെടാതിരിക്കണമെങ്കില്‍ 24,227 വോട്ടുകള്‍ വേണമായിരുന്നു.
ബിഡിജെഎസ് സ്ഥാനാര്‍ഥികളായി കായംകുളത്ത് മത്സരിച്ച ഷാജി എം. പണിക്കര്‍ക്കും ചേര്‍ത്തലയില്‍ മത്സരിച്ച പി.എസ്. രാജീവിനും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. കായംകുളത്ത് 26001 വോട്ടുകളായിരുന്നു കെട്ടിവച്ച് കാശ് തിരികെ ലഭിക്കാന്‍ വേണ്ടിയിരുന്നത്. ഷാജി എം. പണിക്കര്‍ക്ക് 20,000 വോട്ടുകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ട മണ്ഡലം ഹരിപ്പാട് ആണ്. 13 പേര് മത്സരിച്ച ഇവിടെ 11 പേര്‍ക്കും കെട്ടി വച്ച കാശ് നഷ്ടമായി.