ചങ്ങനാശേരി: തമിഴ്നാട്ടിലെ വില്ലുപുരത്തു കാര്‍ ടാങ്കര്‍ ലോറിയുടെ പിന്നിലിടിച്ചു നവവധുവായ നഴ്സും കാര്‍ ഡ്രൈവറും മരിച്ചു. തിടനാട് ചെമ്മലമറ്റം വെള്ളുക്കൂന്നേല് കല്ലങ്കാട്ട് വി.സി.സെബാസ്റ്റ്യന്റെ(ദേവസ്യാച്ചന്)മകളും കുറുമ്പനാടം കുരിയച്ചൻപടി മുള്ളന്‍കുഴി ജെറിന് ജോസിന്റെ ഭാര്യയുമായ ലിസബത്ത്(27), കാര്‍ ഡ്രൈവര്‍ മാമ്മൂട് മാന്നില മാമ്പറമ്പില്‍ വില്‍സണ്‍ (42) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ലിസബത്തിന്റെ പിതാവ് വി.സി. സെബാസ്റ്റ്യന്‍(60), ലിസബത്തിന്റെ ഭര്‍തൃപിതാവ് കുറുമ്പനാടം മുള്ളന്‍കുഴി ജോസ്(59) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.ജെറിന്റെയും ലിസബത്തിന്റെയും വിവാഹം കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു. വിവാഹത്തിനു ശേഷം ഓസ്ട്രേലിയയില്‍ ജോലിയുള്ള ജെറിന് അവിടേക്കു മടങ്ങിപ്പോയി.
ചെന്നൈയിലുള്ള ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ലിസബത്ത് അവിടുത്തെ ജോലി രാജിവച്ചു സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ജെറിനൊപ്പം ജൂണില്‍ ഓസ്ട്രേലിയയ്ക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ലിസബത്ത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിക്കു പിന്നിലിടിച്ചാണ് അപകടം. ഇന്നലെ പുലര്‍ച്ചെ നാലിനാണ് കുറമ്പനാടത്തുള്ള മുള്ളന്‍കുഴി വീട്ടില്‍നിന്ന് ജോസും ഡ്രൈവര്‍ വിൽസനും ചേര്‍ന്നു ജോസിന്റെ കാറില്‍ ചെന്നൈക്കു പുറപ്പെട്ടത്.
ചെമ്മലമറ്റത്തുള്ള വീട്ടിലെത്തി ലിസബത്തിനെയും പിതാവ് സെബാസ്റ്റ്യനെയും കാറില്‍ കയറ്റി യാത്ര തുടരുകയായിരുന്നു. അപകട വിവരമറിഞ്ഞ കുറുമ്പനാടത്തേയും ചെമ്മലമറ്റത്തേയും ബന്ധുക്കള്‍ സംഭവസ്ഥലത്തിയിട്ടുണ്ട്. ജോസിയാണ് ലിസബത്തിന്റെ അമ്മ. ജയിംസ് സെബാസ്റ്റ്യൻ, മരിയ തെരേസ് എന്നിവർ സഹോദരങ്ങളാണ്. മരിച്ച വില്‍സന്റെ ഭാര്യ: അന്നമ്മ. മക്കള്‍: അല്‍ഫോന്‍സ (ഒമ്പത്), ആഗ്നസ് (ആറ്).
കണ്ടു കൊതിതീരുംമുമ്പേ ജെറിന് ലിസബത്തിനെ നഷ്ടമായി!
ചങ്ങനാശേരി: സ്നേഹിച്ചും ജീവിച്ചും കൊതിതീരുംമുന്‍പേ മുള്ളൻകുഴി ജെറിൻ ജോസിന് ലിസബത്തിനെ നഷ്ടമായി. തമിഴ്നാട്ടിലെ വില്ലുപുരത്ത് കാർ ടാങ്കർ ലോറിയുടെ പിന്നിലിടിച്ചാണ് കാറിൽ സഞ്ചരിച്ചിരുന്ന നവവധു കുറുന്പനാടം മുള്ളൻകുഴി ജെറിൻ ജോസിന്റെ ഭാര്യ ലിസബത്ത്(27)യാത്രയായത്.
ജനുവരി ഒന്നിനായിരുന്നു കുറുന്പനാടം മുള്ളൻകുഴി ജെറിന്റെയും ലിസബത്തിന്റെയും വിവാഹം നടന്നത്. ഓസ്ട്രേലിയയിൽ ജോലിയുള്ള ജെറിൻ ജനുവരിയിൽ അവിടേക്ക് മടങ്ങിപ്പോയി. ചെന്നൈയിലുള്ള ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ലിസബത്ത് അവിടുത്തെ ജോലി രാജിവച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനായി പോകുന്പോഴാണ് അപകടം സംഭവിച്ചത്.
ജെറിനൊപ്പം ജൂണിൽ ഓസ്ട്രേലിയയ്ക്ക് പോകുന്നതിനായി തയാറെടുക്കുന്പോഴാണ് ലിസബത്തിനു ദുരന്തം സംഭവിച്ചത്. ജെറിനൊപ്പം ഒരുമിച്ച് ജീവിക്കുന്നതിനുള്ള ആഗ്രഹം ബാക്കിവച്ചാണ് ലിസബത്ത് യാത്രയായത്.