കോഴിക്കോട്: അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പൂവാലന്മാരെ വിരട്ടിയോടിക്കാൻ സംവിധാനവുമായി പോലീസ്. കോഴിക്കോട് നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ തമ്പടിച്ചവരെ പിങ്ക് പോലീസ് വിരട്ടിയോടിച്ചു.മാനാഞ്ചിറ പരിസരം, ഗവ. മോഡല്‍ സ്കൂള്‍ , ബിഇഎം, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, എന്നിവിടങ്ങളിലെല്ലാം ഇന്നലെ പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിരുന്നു.
സ്കൂള്‍ വാഹനങ്ങളും മറ്റും കര്‍ശന പരിശോധന നടത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. വിദ്യാര്‍ഥികളെ കയറ്റാതിരിക്കുന്നതുള്പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനിടെയാണ് സ്കൂള്‍ സമയം കഴിഞ്ഞും നഗരത്തില്‍ കറങ്ങി നടക്കാനായി എത്തിയ വിദ്യാര്‍ഥികളെയും പൂവാലന്മാരെയും പോലീസ് വിരട്ടിയത്.
നഗരത്തിലെ പ്രധാന സ്കൂളുകളെല്ലാം ഇന്നലെ നേരത്തെ തന്നെ വിട്ടിരുന്നു.എന്നിട്ടും വൈകുന്നേരം വരെ വിദ്യാര്‍ഥികള്‍ ബസ് സ്റ്റോപ്പുകളിലും പരിസരങ്ങളിലും തമ്പടിച്ചു.ബസ് സ്റ്റോപ്പുകളില്‍ വിദ്യാര്‍ഥികളുടെ കറങ്ങിതിരിയല് മറ്റുയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പോലീസും പറയുന്നു.
ഫൂട്ട്പാത്തുകളുടെ കൈവരിയിലിരുന്നാണ് സൊള്ളൽ. വേണ്ട രീതിയിലുള്ള പോലിസ് പട്രോളിംഗ് ഇല്ലാത്തത് നഗരത്തില്‍ പൂവാലശല്യം വര്‍ധിക്കാന്‍ കാരണമാകുന്നതായി നേരത്തെവിമര്ശനം ഉയര്‍ന്നിരുന്നു. രാവിലെ ഏഴരയ്ക്ക് ട്യൂഷന് പോവുന്ന വിദ്യാര്‍ഥിനികളെ കാത്തു മാനാഞ്ചിറ പരിസരത്തും സിഎസ്ഐ ബില്‍ഡിംഗിന് സമീപത്തും ‘പൂവാലന്മാര് ‘തമ്പടിക്കുന്നത് പതിവാണ്.
വരും ദിവസങ്ങളിലും സ്കൂളുകള്‍ക്ക് സമീപത്തെ പട്രോളിംഗ് ശക്തമാക്കാനാണ് തീരുമാനം. അതേസമയം ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്നവരെ കുടുക്കാന്‍ മഫ്തിയില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് അറിയിച്ചു. ലൈസൻസില്ലാതെ വിദ്യാര്‍ഥികള്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നതും നിരീക്ഷിക്കും.