സീമ മോഹൻലാൽ
‘സ്ത്രീകൾക്ക് പറ്റിയ ജോലിയല്ല ഐപിഎസ് എന്നാണ് പലരുടെയും ധാരണ. എന്നാൽ മറ്റേതു ജോലി പോലെതന്നെയാണ് ഐപിഎസും. ഈ ജോലിയിൽ ഞാൻ പൂർണ സംതൃപ്തയാണ്.’- കൊച്ചി സിറ്റിയുടെ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി. പൂങ്കുഴലിയുടെ വാക്കുകളാണിത്. സോഫ്ട്വെയർ എൻജിനിയർ എന്ന പദവി വിട്ട് അപ്രതീക്ഷിതമായി ഇന്ത്യൻ പോലീസ് സർവീസ് നേടിയെടുത്ത പൂങ്കുഴലിയുടെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ നിറവ്.
കൊച്ചിയുടെ ഓരോ പ്രഭാതവും കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമത്തിനു പിന്നിലാണു പൂങ്കുഴലിയിപ്പോൾ. ഭാര്യ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി എത്തിയപ്പോൾ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൊച്ചിയിലെ ഡെപ്യൂട്ടി കമാൻഡന്റായ ഭർത്താവ് രവിശങ്കറുടെ പൂർണപിന്തുണ കൂടിയാകുന്പോൾ പൂങ്കുഴലിയുടെ ഓരോ ചുവടും ശക്തമായിത്തന്നെ മുന്നോട്ടുനീങ്ങുകയാണ്.
ജൂണ് 13-ന് കൊച്ചി ഡിസിപിയായി ചാർജെടുത്ത പൂങ്കുഴലിയ്ക്കു തുടർന്നുള്ള ദിവസങ്ങൾ തിരക്കിന്റേതുതന്നെയായിരുന്നു. കൊച്ചിയിലെ ഗതാഗതക്കുരുക്കു തന്നെയാണ് പ്രധാന വിഷയം. ഒപ്പം സ്ത്രീ സുരക്ഷയ്ക്കുവേണ്ടിയുള്ള മുൻകരുതലുകളും… അങ്ങനെ അഭിമുഖത്തിനായി കാത്തിരുന്നത് ഒരാഴ്ച… ഓഫീസിലെത്തിയപ്പോൾ നിറഞ്ഞ ചിരിയുമായി അവർ ഞങ്ങളെ സ്വീകരിച്ചു… അഭിമുഖത്തിന് സമയം നൽകാൻ താമസിച്ചതിനുള്ള ക്ഷമാപണവും പിന്നാലെയുണ്ടായി. പെട്ടെന്നു തീർക്കണം, പുറത്തു പരാതിക്കാർ ഒത്തിരിയുണ്ടെന്ന മുഖവുരയോടെയാണു സംസാരം തുടങ്ങിയത്… ജി.പൂങ്കുഴലിയുടെ വിശേഷങ്ങളിലേക്ക്….
സോഫ്ട്വെയർ എൻജിനിയറിൽ നിന്ന് ഐപിഎസിലേക്ക്
ഇലക്ട്രോണിക് എൻജിനീയറിംഗ് ബിരുദധാരിയായ ഞാൻ സോഫ്ട്വെയർ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു. ആ ജോലി എനിക്കത്ര ഇഷ്ടമായിരുന്നില്ല. നാലു ചുവരുകൾക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയാണ് സിവിൽ സർവീസ് എഴുതണമെന്ന മോഹമുണ്ടായത്. സിവിൽ സർവീസ് പദവിയിലുള്ള പലരുമായും സംസാരിച്ചു.
സ്ത്രീകൾക്ക് ഐപിഎസ് അത്രയ്ക്ക് വഴങ്ങില്ലെന്നായിരുന്നു പലരുടെയും അഭിപ്രായം. കുടുംബജീവിതത്തിലേക്ക് വരുന്പോൾ അത് പ്രശ്നമാകുമെന്ന് പലരും പറഞ്ഞു. അങ്ങനെ മൂന്നു തവണയും ഞാൻ ഐപിഎസ് എന്ന ഓപ്ഷൻ കൊടുക്കാതെ പരീക്ഷയെഴുതി. നാലാം തവണ സെക്കൻഡ് ഓപ്ഷനിൽ ഐപിഎസ് കൊടുത്തു. അത്തവണ പരീക്ഷയിൽ വിജയിച്ചു. 2014-ൽ അപ്രതീക്ഷിതമായി ഐപിഎസിലേക്ക് എത്തി എന്നുതന്നെ പറയുന്നതായിരിക്കും ഉചിതം. തമിഴ്നാട് കരൂർ സ്വദേശിയായ ഞാൻ പ്ലസ്ടു കരൂരിലും എൻജിനിയറിംഗ് കോയന്പത്തൂരിലുമാണ് പഠിച്ചത്.
കേരള കേഡറിലേക്ക്
ആ വർഷം തന്നെ സ്റ്റേറ്റ് സർവീസിൽ ഡെപ്യൂട്ടി കളക്ടർ പരീക്ഷയും വിജയിച്ചിരുന്നു. നാലാം റാങ്ക് ഉണ്ടായിരുന്നു. കൂടാതെ ആർബിഐയിൽ ഗ്രേഡ് ബി പോസ്റ്റും ലഭിച്ചു. എങ്കിലും ഞാൻ സിവിൽ സർവീസ് തന്നെയാണ് തെരഞ്ഞെടുത്തത്.
കേരള കേഡറിലായിരുന്നു നിയമനം. ആറു മാസത്തെ എഎസ്പി അണ്ടർ ട്രെയിനി പരിശീലനത്തിനുശേഷം 2016-ൽ ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയി നിയമനം ലഭിച്ചു. തുടർന്ന് പാലക്കാട് എഎസ്പി ആയി. 2018-ൽ എസ്പിയായി. തൃശൂരിൽ കെഎപി ഒന്നാം ബറ്റാലിയൻ കമ്മാൻഡന്റ്, ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ അധിക ചുമതല എന്നിവ ലഭിച്ചു. അതിനുശേഷമാണ് കൊച്ചിയിലേക്ക് എത്തുന്നത്.
? ഐപിഎസ് കിട്ടി നിയമന സമയത്താണോ ആദ്യമായി കേരളത്തിൽ എത്തുന്നത്
അതേ, അതിനുമുന്പ് കേരളത്തിലേക്ക് വന്നിട്ടില്ല. കേരളീയർ വളരെ സ്നേഹമുള്ളവരാണ്.
? ഇതുവരെയുളള കരിയറിൽ വെല്ലുവിളിയായ കേസ് അന്വേഷണങ്ങൾ. സംതൃപ്തി തോന്നിയ പരാതി തീർപ്പാക്കൽ
വടക്കാഞ്ചേരിയിലെ കൂട്ട മാനഭംഗ കേസ് സ്പെഷൽ ടീം രൂപീകരിച്ച് ഞാനാണ് അന്വേഷിച്ചത്. പിന്നെ വാളയാറിലെ സഹോദരിമാരുടെ ആത്മഹത്യാകേസ് അന്വേഷണം. അതെല്ലാം വെല്ലുവിളി നിറഞ്ഞതായിരുന്നു.
? ഏതു സമയത്തും എന്തും നേരിടേണ്ടി വരുന്ന ഒരു ജോലി. ഈ ജോലി ശരിക്കും ആസ്വദിക്കാൻ സാധിക്കുന്നുണ്ടോ
ശരിക്കും ആസ്വദിക്കുന്നുണ്ട്. ടെൻഷനൊക്കെ മനസിൽ ഉണ്ടാകുന്നതല്ലേ. ദേഷ്യവുമായി പോലീസ് പണി മുന്നോട്ടു കൊണ്ടു പോകാനാവില്ല. ഏതു പ്രഫഷൻ ആയാലും അതിന്റേതായ വിഷമതകൾ കാണും. അതൊക്കെ ബാലൻസ് ചെയ്ത് മുന്നോട്ടു കൊണ്ടുപോകുന്നതിലാണ് നമ്മുടെ കഴിവ്. ഒപ്പം നമ്മുടെ കുടുംബജീവിതവും സന്തോഷകരമാക്കണം.
? ജോലിയിലെ ടെൻഷൻ വീട്ടുകാരുമായി പങ്കുവയ്ക്കാറുണ്ടോ.
ജോലിയിൽ നല്ല ടെൻഷൻ ഉണ്ടാകാറുണ്ട്. അത് വീട്ടുകാരു മായി പങ്കു വയ്ക്കും. അവരുടെ പൂർണ പിന്തുണ എനിക്കുണ്ട്.
? രവിശങ്കറിന്റെ ജീവിതസഖിയായതെങ്ങനെ
മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. മാട്രിമോണിയൽ പരസ്യം ഇരുവർക്കും ഇഷ്ടമായി. പിന്നെ സംസാരിച്ചു. ഇരുവരും യൂണിഫോം സർവീസിലായതുകൊണ്ട് ആ ജോലിയുടെ സ്വഭാവം മനസിലാകും. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയുള്ള പ്രണയ വിവാഹമായിരുന്നു. ഒരു വർഷത്തിനകമാണ് വിവാഹിതരായത്. അദ്ദേഹം ഊട്ടി സ്വദേശിയാണ്. ഇപ്പോൾ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൊച്ചിയിലെ ഡെപ്യൂട്ടി കമാൻഡന്റാണ്.
? ഭർത്താവിനെക്കുറിച്ച്
നിശ്ചയദാർഢ്യത്തിനു മുന്നിൽ പ്രതിബന്ധങ്ങളെല്ലാം തോറ്റുപോകുമെന്നു വിശ്വസിക്കുന്ന ആളാണ് അദേഹം. ഭാര്യയുടെ ജോലിയിൽ അഭിമാനിക്കുന്ന വ്യക്തി. വളരെ അഡ്ജസ്റ്റബിളും ആണ്. ഞങ്ങളുടെ മോൻ മഗിഴന് എട്ടുമാസമേ ആയിട്ടുള്ളൂ. അച്ഛന്റെയും അമ്മയുടെയും തിരക്കുകൾ മോനും അറിയാം.
ഞങ്ങളുടെ വീട്ടിൽ ആ ജോലി പെണ്ണിനുള്ളതാണെന്നുള്ള വാക്കുതർക്കമൊന്നുമില്ല. ഇന്നത്തെ ദിവസം എന്തൊക്കെ കാര്യങ്ങളുണ്ടായി എന്ന് ഞങ്ങൾ ഇരുവരും ഷെയർ ചെയ്യാറുണ്ട്. എനിക്ക് പ്രധാന ജോലിയൊക്കെ വരുന്പോൾ അദേഹം നേരത്തെയെത്തി കുഞ്ഞിനെ നോക്കും. കുടുംബത്തിന്റെ, പ്രത്യേകിച്ച് ഭർത്താവിന്റെ പിന്തുണയാണ് ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വിജയം. അത് എനിക്ക് വേണ്ടുവോളം ലഭിക്കുന്നുണ്ട്.
? ഭാര്യയുടെയും അമ്മയുടെയും റോളുകൾ ഉന്നത പദവി യിലിരിക്കുന്നവർക്ക് പൂർണമായും ആസ്വദിക്കാൻ സാധിക്കുന്നുണ്ടോ
തീർച്ചയായും. എല്ലാം തുല്യമായി കൊണ്ടു പോകാൻ കഴിയുന്നുണ്ട്.
? വളരെ ഉത്തരവാദിത്തപ്പെട്ട ജോലി. എട്ടു മാസം പ്രായമുള്ള കുഞ്ഞ്. എങ്ങനെയാണു കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്
മോൻ മഗിഴൻ ഞങ്ങളുടെ തിരക്കുകളുമായി വളരെയധികം അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. എന്റെ അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്. വീട്ടുകാരുടെയും ഭർത്താവിന്റെയും പൂർണമായ പിന്തുണ എനിക്കുണ്ട്. ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്യുന്നതുകൊണ്ടു കൃത്യസമയത്തു വീട്ടിലെത്താനൊന്നും കഴിയില്ല.
അത്തരം സാഹചര്യങ്ങളിലെല്ലാം ഭർത്താവ് കുഞ്ഞിനെ നോക്കും. ഏറെ നേരം കുഞ്ഞിനെ കാണാതിരിക്കുന്പോൾ എനിക്കും വിഷമമാണ്. വീട്ടിലെത്തി മോനെ കണ്ടു കഴിയുന്പോൾ വിഷമങ്ങളെല്ലാം മാറും.
? പ്രധാനപ്പെട്ട ഈ പദവിയിലിരുന്നു കൊണ്ട് എന്തൊക്കെ മാറ്റങ്ങൾക്കാണ് ശ്രമിക്കുന്നത്
ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജനങ്ങൾക്ക് മികച്ച സേവനം നൽകണം. ഒരു ആശുപത്രിയിൽ പോയാൽ രോഗിക്ക് മികച്ച ചികിത്സ കിട്ടുന്നു. അതുപോലെ ഒരു പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവരുടെ പ്രശ്നങ്ങൾ ഉടൻ പരിഹാരം നൽകിയാൽ പോലീസിനോട് ജനങ്ങളുടെ ബന്ധം കൂടുതൽ ഊഷ്മളമാകും.
എന്റെ അടുത്തുവരുന്നവരോട് അത്തരത്തിലാണ് ഞാൻ പെരുമാറുന്നത്. അത് കുടുംബപ്രശ്നങ്ങളായാലും തൊഴിൽ സംബന്ധമായ കാര്യമായാലും മറ്റുള്ളതായാലും മികച്ച സേവനം നൽകാൻ എപ്പോഴും ശ്രമിക്കാറുണ്ട്.
കൊച്ചിയിലെ ഗതാഗതക്കുരുക്കാണ് ഇവിടത്തെ പ്രധാന പ്രശ്നം. അത് പരിഹരിക്കാനുള്ള ആക്ഷൻ പ്ലാൻ തയാറായി വരുന്നു. മാസങ്ങൾക്കകം ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകും.
സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം
കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതിനെക്കാൾ പ്രാധാന്യം കുറ്റകൃത്യങ്ങൾ സംഭവിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയാണ്. സ്ത്രീകളും പെണ്കുട്ടികളും ഇടവഴികളിലൂടെയും മറ്റും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന അവസരത്തിൽ കഴുത്തിലണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ മറയത്തക്ക രീതിയിൽ സാരി/ചുരിദാറിന്റെ ഷാൾ പുതച്ച് അതിന്റെ തുന്പ് ബലമായി പിടിച്ചു നടക്കണം.
അപരിചിത രായ ബൈക്ക് യാത്രക്കാരോ മറ്റോ എന്തെങ്കിലും ആവശ്യം പറഞ്ഞ് അടുത്തു വന്നാൽ കഴുത്തിലണിഞ്ഞിരിക്കുന്ന ആഭരണ ങ്ങൾ ശ്രദ്ധിക്കണം. ഓടിച്ചു വരുന്ന ബൈക്ക് അരികിലേക്ക് ചേർത്ത് നിർത്തുകയും പിൻസീറ്റ് യാത്രക്കാരൻ സംശയം ചോദിക്കാൻ അടുത്തേക്ക് വരികയും ചെയ്താൽ ബൈക്കിന്റെ നന്പർ ശ്രദ്ധിക്കണം. നിർത്തിയിരിക്കുന്ന വാഹനത്തിൽ നിന്നും ഏകദേശം മൂന്ന്-നാല് അടി മാറി നിന്ന് മാത്രമേ സംസാരിക്കാ വൂ.
സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിൽ അപരിചിതർ വന്നാൽ വാതിൽ തുറക്കാതെ ജനാലയിൽ കൂടി മാത്രം ആശയ വിനിമയം നടത്തണം. ഇത്തരം വീടുകളിൽ പകൽ സമയങ്ങളിൽ പോലും ഗേറ്റും പുറത്തേക്ക് തുറക്കുന്ന വാതിലുകളും മറ്റും താഴിട്ട് പൂട്ടണം. പെണ്കുട്ടികളെ കരാട്ടെ-ജൂഡോ പോലുള്ള ആയോധന കലകൾ അഭ്യസിപ്പിക്കുന്നത് പെട്ടെന്നുണ്ടാകുന്ന ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിന് സഹായകമാകും. ഇപ്പോൾ പോലീസ് സ്റ്റേഷനുകൾ വഴി സ്വയംപ്രതിരോധ പരിശീലന പരിപാടികൾ നടത്തുന്നുണ്ട്.
വഴിയരികിലോ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന അവസരത്തിലോ സ്ത്രീ കൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമം ഉണ്ടായാൽ വിവരം ഉടൻ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വനിത പോലീസ് ഹെൽപ്പ് ലൈനിലോ(1091), ജില്ലാ പോലീസ് കണ്ട്രോൾ റൂമിലോ(100), പിങ്ക് പോലീസിനെയോ(1515) അറിയിക്കണം. ബന്ധപ്പെട്ട നന്പറുകൾ കൈവശം കരുതണം.