മഴയില്‍ ചോര്‍ന്നൊലിച്ച് കടുത്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസ് അപകടാവസ്ഥയില്‍

KTM-SUBOFFICEകടുത്തുരുത്തി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള കടുത്തുരുത്തിയിലെ സബ് രജിസ്ട്രാര്‍ ഓഫീസ് അപകടാവസ്ഥയില്‍. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍തട്ടുകള്‍ അടര്‍ന്നു വീഴൂന്നതും പതിവായി. ജീവനക്കാര്‍ ഓഫീസിനുള്ളില്‍ ജോലി ചെയ്യുന്നത് അപകടഭീതിയില്‍. കെട്ടിടത്തിന്റെ മേല്‍തട്ടിന്റെ കമ്പികള്‍ ദ്രവിച്ചു കോണ്‍ക്രീറ്റ് അപകടാവസ്ഥയിലാണ്.  പല ദിവസങ്ങളിലും കോണ്‍ക്രീറ്റ്  പാളികളും കഷണങ്ങളും അടര്‍ന്ന് വീഴൂന്നതും പതിവായി. രജിസ്ട്രാറുടെ മുറിയുടെ മേല്‍തട്ടും മുമ്പ് അടര്‍ന്നു വീണിരുന്നു.

പലപ്പോഴും ഭാഗ്യത്തിനാണ് കോണ്‍ക്രീറ്റ് കഷണങ്ങള്‍ തലയില്‍ വീഴാതെ ജീവനക്കാര്‍ രക്ഷപ്പെടുന്നത്. ആധാരങ്ങളുടെ പകര്‍പും വിലപ്പെട്ട രേഖകളും ആധാരങ്ങളുടെ വാല്യങ്ങളും മറ്റു രേഖകളുമെല്ലാം സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമാണ്. കോണ്‍ക്രീറ്റ് കഷണങ്ങള്‍ അടര്‍ന്നു വീണു ഓഫീസിലെ കംപ്യൂട്ടറുകളും മറ്റും നശിക്കാതിരിക്കാന്‍ ജീവനക്കാര്‍ ജോലി കഴിഞ്ഞു പോകുമ്പോള്‍ പ്ലാസ്റ്റിക് പടുത ഉപയോഗിച്ച് ഇവ മൂടിയിട്ടിരിക്കുകയാണ്. പകല്‍സമയങ്ങളില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തിയാണ് ഇവ ഉപയോഗിക്കുന്നത്.

നനഞ്ഞൊലിക്കുന്ന കെട്ടിടത്തില്‍ ഫയലുകളും മറ്റു രേഖകളും സംരക്ഷിക്കാന്‍ സ്ഥലമില്ലാതെ ജീവനക്കാര്‍ വിഷമിക്കുകയാണ്.   മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് മഴവെള്ളം മുറികളിലും ഭിത്തികളിലൂടെയും ഒഴുകിവീഴുകയാണ്. വിലപ്പെട്ട രേഖകളെല്ലാം ബഞ്ചിലും ഡസ്കിലും കയറ്റിവച്ച് പ്ലാസ്റ്റിക് പടുതയിട്ട് മൂടിയിരിക്കുകയാണ്. ദിവസവും നൂറ് കണക്കിന് ആളുകള്‍ വരുന്ന ഓഫീസില്‍ മഴപെയ്താല്‍ കുടചൂടിവേണം  നില്‍ക്കാന്‍. പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര ചോരുന്നത് മൂലം ഷീറ്റ് മേഞ്ഞങ്കിലും അതും തകര്‍ന്നിരിക്കുകയാണ്. മഴ ശക്തമാകൂന്നതോടെ കെട്ടിടത്തിന്റെ അവസ്ഥ കൂടുതല്‍ ശോചനീയമാകും.

Related posts