കോട്ടയം: പരാതി നല്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്കും ഇനി മനോഹരമായ പാട്ടുകള്‍ ആസ്വദിക്കാം. കോട്ടയം ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തില്‍ കോട്ടയം ഡിവൈഎസ്പി ഓഫീസിനു കീഴിലുള്ള പോലീസ് സ്‌റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. സംഗീതത്തിനൊപ്പം പൊതുജനങ്ങള്‍ക്ക് ആത്യാവശ്യമായ ബോധവത്കരണ നിര്‍ദേശങ്ങളും നല്‍കും.
ആദ്യഘട്ടമായി കോട്ടയം കളക്്ടറേറ്റിലുള്ള കോട്ടയം ഡിവൈഎസ്പി ഓഫീസ് പൂര്‍ണമായും സംഗീതവത്കരിച്ചു. അടുത്തയാഴ്ചയോടെ കോട്ടയം സബ് ഡിവിഷനു കീഴിലുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കും. 5.1 സൗണ്ട് സിസ്റ്റത്തിലാണു മനോഹരമായ സംഗീതം പോലീസ് സ്‌റ്റേഷനുകളില്‍ മുഴങ്ങുന്നത്. ആരുടെയും മനം കുളിര്‍പ്പിക്കുന്ന മെലഡി ഗാനങ്ങള്‍ മാത്രമായിരിക്കും കേള്‍പ്പിക്കുക.
പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്കാന്‍ എത്തുന്നവര്‍ ചിലപ്പോള്‍ കുറച്ചു സമയം കാത്തിരിക്കേണ്ട വന്നേക്കാം. ഈ സമയം പലവിധത്തിലുള്ള ഭയാശങ്കകളോടെയായിരിക്കും പൊതുജനങ്ങള്‍ സ്റ്റേഷനില്‍ ഇരിക്കുന്നത്. ചിലര്‍ കുടുംബാംഗങ്ങളോടൊപ്പമായിരിക്കും സ്റ്റേഷനിലെത്തുക. ഈ സമയത്ത് മനോഹരമായ മെലഡി സംഗീതം കേള്‍ക്കുന്നതു അവരിലുള്ള ആശങ്കയും ഭയവും അകറ്റുന്നതിനു ഒരുപരിധിവരെ സഹായിക്കുമെന്നും കോട്ടയം ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്‍ പറഞ്ഞു.
ഓരോ ഗാനത്തിനുംശേഷം പൊതുജനങ്ങള്‍ക്കു ഏറെ ആവശ്യമായ ബോധവത്കരണ നിര്‍ദേശങ്ങളും നല്‍കും. മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക, സുരക്ഷിതമായ ഇരുചക്രവാഹന യാത്രയ്ക്കു ഹെല്‍മറ്റ് ധരിക്കുക, കള്ളന്‍ ഏറെയും വീടുകളില്‍ പ്രവേശിക്കുന്നതു പിന്‍വാതിലില്‍ കൂടിയായതിനാല്‍ വീടുകളുടെ മുന്‍വശത്തേ കതക് ബലമുള്ളതാക്കുന്നതു പോലെ പിന്‍വശത്തേയും കതക് ബലപ്പെടുത്തുക എന്നിങ്ങനെയുള്ള ബോധവല്‍ക്കരണ നിര്‍ദേശങ്ങളാണ് ഗാനങ്ങളുടെ ഇടവേളകളില്‍ കേള്‍പ്പിക്കുന്നത്.
പൊതുജനങ്ങള്‍ക്കു നല്കുന്ന നിര്‍ദേശങ്ങള്‍ ഡബ് ചെയ്തിരിക്കുന്നതും പോലീസുകാര്‍ തന്നെയാണ്. മെലഡി ഗാനങ്ങളും ബോധവത്കരണ നിര്‍ദേശങ്ങളും റിക്കാര്‍ഡ് ചെയ്ത പെന്‍ഡ്രൈവുകള്‍ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ നിര്‍ദേശപ്രകാരം വിവിധ സ്റ്റേഷനുകളിലേക്കു കൈമാറിക്കഴിഞ്ഞു.