കൊച്ചി: തപാൽ, സർവീസ് വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ എൻഡിഎ സ്ഥാനാർഥി സി.ജി. രാജഗോപാൽ മൂന്ന് വോട്ടിന് ലീഡ് നേടി. മണ്ഡല ചരിത്രത്തിൽ അപൂർവ്വമായാണ് എൻഡിഎ സ്ഥാനാർഥി ലീഡ് നേടുന്നത്. ആറു വോട്ടാണ് സി.ജി. രാജഗോപാലിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദിന് മൂന്നും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി മനു റോയ്ക്ക് രണ്ടും പോസ്റ്റൽ വോട്ടുകൾ ലഭിച്ചു. നോട്ടയ്ക്ക് രണ്ടും വോട്ട് കിട്ടി.
വെള്ളക്കെട്ട് പ്രതീക്ഷ തകർത്തു: സി.ജി. രാജഗോപാൽ
കൊച്ചി: മണ്ഡലത്തിൽ എൻഡിഎയ്ക്ക് പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനാകാതെ പോയത് പോളിംഗ് ദിവസത്തെ മഴയും വെള്ളക്കെട്ടുമാണെന്ന് ബിജെപി സ്ഥാനാർഥി സി.ജി. രാജഗോപാൽ. വിജയം പ്രതീക്ഷിച്ചിരുന്നതാണ്. രൂക്ഷമായ വെള്ളക്കെട്ട് കാരണം ഉറപ്പിച്ച വോട്ടുകൾ ലഭിച്ചില്ല. പാർട്ടി വോട്ടുകളും വ്യക്തിഗത വോട്ടുകളും ലഭിക്കാതെ പോയി.
കൊച്ചി സെൻട്രൽ, കലൂർ, വടുതല, എളമക്കര മേഖലകളിൽ ബിജെപിക്ക് സ്വാധീനമുള്ള മേഖലയാണ്. ഈ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് കാര്യമായി ബാധിച്ചതെന്നും സി.ജി. രാജഗോപാൽ പറഞ്ഞു. കഴിഞ്ഞ വർഷം 14,400 വോട്ടുകൾ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചിരുന്നു. പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും 13,000 വോട്ടാണ് സി.ജി. രാജഗോപാൽ നേടിയത്.