വടക്കഞ്ചേരി: കേരളത്തിന്റെ മോഡല്‍ ജൈവ പാടശേഖരത്തിനായി നടപടികള്‍ പുരോഗമിക്കുന്ന വടക്കഞ്ചേരി പാടശേഖരത്തിലേക്ക് ഒഴുകുന്നത് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം. വടക്കഞ്ചേരി ടൗണിലെ മലിനജലത്തിനൊപ്പം കക്കൂസ് മാലിന്യവും അറവുമാലിന്യവും ഈ പാടശേഖരത്തിലേക്കാണ് പരന്നൊഴുകുന്നത്. ജലജീവികളൊന്നുമില്ലാത്ത കറുത്ത വെള്ളമാണിത്. കണ്ടങ്ങളെല്ലാം മലിനജലം നിറഞ്ഞ് കൃഷി നടത്താനാകാത്ത സ്ഥിതിയായെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഓടയുടെ തുടക്കത്തിലുള്ള രണ്ടുമൂന്നേക്കര്‍ സ്ഥലത്ത് കാലുകുത്താന്‍പോലും കഴിയില്ല. ഇവിടെ പത്തുമിനിറ്റ് നിന്നാല്‍തന്നെ ദുര്‍ഗന്ധം വമിച്ച് ബോധരഹിതരാകും. അത്രയേറെ രൂക്ഷമാണ് ഇവിടത്തെ സ്ഥിതി.
ഇതിനു അടിയന്തിരപരിഹാരം കണ്ടില്ലെങ്കില്‍ 18 ഹെക്ടറിലെ ജൈവ നെല്‍കൃഷി അവതാളത്തിലാകും. കൃഷിപണിക്ക് തൊഴിലാളികളെ വിളിച്ചാല്‍ ആരും വരാതായെന്നു കര്‍ഷകര്‍ പറഞ്ഞു.ഈ വെള്ളത്തില്‍ ഇറങ്ങിയാല്‍ ത്വക്‌രോഗങ്ങളും അലര്‍ജിയും ഉണ്ടാകുന്നതിനു പുറമേ മറ്റു മാരകരോഗങ്ങള്‍ പിടിപ്പെടാനും സാധ്യത കൂടുതലാണ്. 2008ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നെല്‍ക്കതിര്‍ അവാര്‍ഡ് നേടിയ പാടശേഖരമാണിത്. പ്രദേശത്തെ കിണറുകളും കുളങ്ങളും മലിനമായി മാറി. മാലിന്യങ്ങളും തവളയും നീര്‍ക്കോലിപാമ്പും മലിനജലത്തില്‍പ്പെട്ടാല്‍ ചത്തുപൊന്തും. ടൗണിലെ മലിനജലം ദൂരേയ്ക്ക് വിടാന്‍ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കണമെന്നാണ് ആവശ്യം. ഇതിനു പഞ്ചായത്തും കൃഷിവകുപ്പും എംഎല്‍എയുമൊക്ക താത്പര്യം എടുത്തില്ലെങ്കില്‍ അടുത്ത ഭാവിയില്‍ വലിയൊരു നെല്‍കൃഷി പാടശേഖരം ഇല്ലാതാകുന്ന സ്ഥിതിവരും.
ടൗണിലെ ബസ്സ്റ്റാന്‍ഡില്‍നിന്നും ആറടിയോളം താഴ്ത്തി അതില്‍ വലിയ പൈപ്പിട്ട് ആയക്കാട് കാക്കത്തോട്ടിലേക്ക് വെള്ളംവിടാന്‍ പദ്ധതി വേണമെന്നാണ് ആവശ്യം. ഇതിനു സ്ഥലംവിട്ടു നല്കാനും കര്‍ഷകര്‍ തയാറാണ്. ഇത് ഒരു കിലോമീറ്റര്‍ ദൂരം വരും. ടൗണ്‍ വികസനം വന്നതോടെ ടൗണിന്റെ മാലിന്യമെല്ലാം പാടശേഖരത്തിലെ കര്‍ഷകരും വെപ്പില്‍ പ്രദേശത്തെ വീട്ടുകാരും സഹിക്കേണ്ട ഗതികേടിലാണിപ്പോള്‍. വലിയ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ മലിനജലം ദൂരേയ്ക്ക് വിടാന്‍ വഴികളുണ്ടെന്നിരിക്കേ ഇതിനു നടപടി സ്വീകരിക്കാതെ നെല്‍പാടങ്ങളെല്ലാം മലിനമയമാക്കുന്ന സ്ഥിതിയിലേക്ക് മാറിയാല്‍ ഗത്യന്തരമില്ലാതെ തങ്ങള്‍ക്കും സമരത്തിന് ഇറങ്ങേണ്ടി വരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കേരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിലേക്കുമായി വര്‍ഷത്തില്‍ 30 ടണ്‍ ജൈവ അരിയാണ് ഇവിടെനിന്നും വില്പന നടക്കുന്നത്.