മുക്കം: അപകടങ്ങളിലും ദുരന്ത ഭൂമികളിലും കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മുക്കം അഗ്‌നിരക്ഷാ നിലയത്തിന്റെ സുരക്ഷിത കേന്ദ്രമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന് സാക്ഷാത്കാരമാകുന്നു. അടിവാരം മുതല്‍ ജില്ലയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും മലപ്പുറം ജില്ലയുടെ ഭാഗങ്ങളില്‍ വരെ സേവനം ചെയ്യുന്ന മുക്കം അഗ്‌നിരക്ഷാ നിലയത്തിന് മഴക്കാലം വരുന്നതാണ് ഭീഷണിയായിരുന്നത്.
കനത്ത മഴ പെയ്യുമ്പോഴേക്ക് നില്‍ക്കുന്ന കെട്ടിടമൊന്നാകെ വെള്ളത്താല്‍ നിറയും. വാഹനങ്ങളും കെട്ടിടത്തിന്റെ ഒന്നാം നില വരെയും വെള്ളമെത്തുന്നത് വലിയ പ്രശ്‌നങ്ങളാണു ണ്ടാക്കിയിരുന്നത്. വാഹനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയും താഴെ നിലയിലുള്ള വസ്തുക്കളെല്ലാം മുകളിലേക്ക് മാറ്റിയുമായിരുന്നു പ്രളയത്തെ നേരിട്ടിരുന്നത്.
മുക്കം മിനി സിവില്‍ സ്റ്റേഷനുസമീപത്തെ റവന്യൂ ഭൂമിയിലാണ് അഗ്‌നിരക്ഷാ നിലയത്തിന് സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ സിമന്റ് തേപ്പ് ബഹുഭൂരിഭാഗവും പൂര്‍ത്തിയായിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 45 സെന്റ് സ്ഥലത്താണ് മൂന്ന് കോടിയോളം രൂപ ചിലവില്‍ കെട്ടിടം നിര്‍മിക്കുന്നത്. വയറിംഗ്, പ്ലംബ്ലിംഗ്, ഇന്റീരിയര്‍ പ്രവൃത്തികള്‍ ഇനി പൂര്‍ത്തീകരിക്കാനുണ്ട്. മുറ്റം നിര്‍മാണവും ബാക്കിയുണ്ട്. നിലവിലെ വേഗതയില്‍ ജോലി മുന്നോട്ടു പോയാല്‍ മൂന്ന് മാസം പിന്നിടുമ്പോഴേക്ക് കെട്ടിടം ഉദ്ഘാടനം ചെയ്യാനാകും. ആറുമാസം മുമ്പ് അന്നത്തെ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് കെട്ടിട ശിലാസ്ഥാപനം നടത്തിയത്. ഉടന്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു.