കൊല്ലം കളക്ടറേറ്റിലെ ബോംബ് സ്‌ഫോടനം: അന്വേഷണം തീവ്രവാദസ്വഭാവമുള്ള സംഘടനയുടെ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച്

spodanamകൊല്ലം: ജില്ലാ കളക്ടറേറ്റിലെ സ്‌ഫോടനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുടെ പ്രവര്‍ത്തകരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തി. കളക്ടറേറ്റിന് സമീപം കട നടത്തുന്ന കടയ്ക്കല്‍ സ്വദേശി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവദിവസം രാവിലെ മൂന്നുപേര്‍ സംശയകരമായ സാഹചര്യത്തില്‍ കളക്ടറേറ്റിന് അകത്ത് പ്രവേശിച്ചു എന്നതാണ് കടയുടമയുടെ മൊഴി.

ഇവരെ കടയുടമയ്ക്ക് കണ്ടാല്‍ അറിയാം. മാത്രമല്ല ഇവര്‍ ഒരു സംഘടനയുടെ സജീവ പ്രവര്‍ത്തകരാണെന്നും കടയുടമ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.ഈ സംഘത്തിലുള്ളവരാണോ സംഭവം നടന്ന ദിവസം വൈകുന്നേരം കളക്ടറേറ്റില്‍ നിന്നും വാടിയിലേയ്ക്ക് ഓട്ടോറിക്ഷ ഓട്ടം വിളിച്ചതെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്. ഇവരെ കണ്ടെത്തുന്നതിന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തി. ഇപ്പോള്‍ സംശയിക്കുന്നവര്‍ ബന്ധപ്പെട്ടേക്കാവുന്ന ചിലരും പോലീസിന്റെ നിരീക്ഷണത്തിലാണ്.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആസൂത്രിതമായ ബോംബ് സ്‌ഫോടനത്തിന്റെ ചുരുളഴിയിക്കാന്‍ കഴിയുമെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

കളക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദക്ഷിണ മേഖല എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ ചേര്‍ന്നു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മിഷണര്‍ സതീഷ് ബിനോ, എസിപിമാര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. സംശയമുള്ള സംഘടനകളുടെയെല്ലാം നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരുന്നു. നിലവിലെ അന്വേഷണം തൃപ്തികരമാണ്. ഇപ്പോള്‍ മറ്റ് ഏജന്‍സികള്‍ക്ക് കേസ് കൈമാറേണ്ട ആവശ്യമില്ല.

സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്ന റിപ്പോര്‍ട്ടുകളെ ഐജി ഖണ്ഡിച്ചു. സ്റ്റീല്‍ ടിഫിന്‍ ബോക്‌സില്‍ സ്‌ഫോടക വസ്തുക്കള്‍ അടക്കം ചെയ്യുന്നത് കേരളത്തില്‍ ഇപ്പോള്‍ പതിവാണ്. സ്‌ഫോടനത്തിന് ആഘാതം കൂട്ടാന്‍ വേണ്ടിയാണിത്. കളക്ടറേറ്റില്‍ സിസിടിവികള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് തെളിവുകള്‍ ശേഖരിക്കുന്നതിന് വിഘാതമായിട്ടുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. തമിഴ്‌നാട് ക്യു ബ്രാഞ്ചിന്റെയും ഹൈദ്രാബാദില്‍ നിന്നുള്ള എടിഎസ് സംഘത്തിന്റെയും സന്ദര്‍ശനത്തില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഐജി അറിയിച്ചു.

Related posts