കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡിസി (ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്) തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ്‌സി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ പുതിയ പരീക്ഷ നടത്താന്‍ അണിയറയില്‍ നീക്കം. പരീക്ഷയെക്കുറിച്ചു സൂചന കിട്ടിയതിനെത്തുടര്‍ന്നു വിവിധ കോച്ചിംഗ് സെന്ററുകള്‍ പരിശീലന ക്ലാസുകള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. വിജ്ഞാപനം ഇറക്കി ഏതാനും മാസംകൊണ്ടു പരീക്ഷ നടത്താനാണു നീക്കം നടക്കുന്നത്. മൂന്നു വര്‍ഷം പ്രാബല്യമുള്ള റാങ്ക് ലിസ്റ്റ് 2015 മാര്‍ച്ചിലായിരുന്നു നിലവില്‍ വന്നത്. ലിസ്റ്റിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷത്തിലധികം സമയമുള്ളപ്പോഴാണു വീണ്ടും പരീക്ഷ നടത്താനുള്ള നീക്കം.
മൂവായിരത്തോളം പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍നിന്ന് അറുപതോളം നിയമനങ്ങള്‍ മാത്രമാണു നടന്നത്. ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം എല്‍ഡി ക്ലര്‍ക്ക് നിയമനത്തിനായി പുതിയ പരീക്ഷ നടത്താന്‍ നേരത്തെയും നീക്കം നടന്നിരുന്നു. ഇതിനെതിരേ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ഡിസംബര്‍ 17ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളെ പെരുവഴിയിലാക്കുന്ന നിലപാട് തിരുത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ പുതിയ പരീക്ഷ നടത്തുന്നത് പിന്‍വലിക്കണമെന്നു കാണിച്ചു റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പിഎസ്‌സി ചെയര്‍മാനെ കണ്ടിരുന്നു.
പരീക്ഷ നടത്തേണ്ടചുമതല മാത്രമാണു തങ്ങള്‍ക്കുള്ളതെന്നും നിയമനങ്ങള്‍ നടത്തേണ്ടത് സര്‍ക്കാരാണെന്നുമായിരുന്നു മറുപടിയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. നിലവിലുള്ള ലിസ്റ്റില്‍നിന്നു ക്രമാനുഗതമായ നിയമനങ്ങള്‍ നടത്താതെ കോച്ചിംഗ് സെന്ററുകളും ഗൈഡ് ലോബികളും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണു പുതിയ പരീക്ഷ നടത്താനുള്ള നീക്കത്തിനു പിന്നിലെന്നു റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജിതേഷ് കാനായി ആരോപിച്ചു.