തൊടുപുഴ: ജില്ലയിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ വർഷമെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ. കനത്ത മഴ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറെ ദിനങ്ങൾ അടച്ചിട്ടെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ എണ്ണം കൂടി.
ജൂലൈ വരെയുളള കണക്കുകൾ പ്രകാരം 19,42,354 വിനോദ സഞ്ചാരികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ കീഴിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ വർഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്. 2023ൽ 29,22,043 ടൂറിസ്റ്റുകൾ ജില്ലയിലെത്തി. ഓണക്കാലമാകുന്നതോടെ ടൂറിസ്റ്റുകളുടെ വരവ് കൂടുമെന്നു ടൂറിസം വകുപ്പ് പറയുന്നു.
വാഗമൺ കാണാൻ
വാഗമണ് പുൽമേടും മൊട്ടക്കുന്നുകളും കാണാൻ 5,43,979 സഞ്ചാരികളും വാഗമണ് അഡ്വഞ്ചർ പാർക്കിൽ 5,08,505 ടൂറിസ്റ്റുകളും എത്തി. ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. മൊട്ടക്കുന്നുകളും പുൽമേടുകളും തേയിലത്തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാധ്യതകളുമാണ് വാഗമണ് തുറന്നിടുന്നത്.
ഗ്ലാസ് ബ്രിഡ്ജ് വലിയ ആകർഷണമാണ്. പാറക്കൂട്ടങ്ങളിൽ റോക്ക് ക്ലൈംബിംഗിനും ട്രക്കിംഗിനും മലകയറ്റത്തിനും പാരാഗ്ലൈഡിംഗിനും ഇവിടെ അവസരമുണ്ട്.
ബോട്ടാണിക്കൽ ഗാർഡൻ
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനാണ് സഞ്ചാരികളെ ഏറെ ആകർഷിച്ച മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. 3,15,317 ടൂറിസ്റ്റുകൾ ഈ വർഷം ഇവിടെയെത്തി. രാമക്കൽമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, ശ്രീനാരായണപുരം വെള്ളച്ചാട്ടം, ആമപ്പാറ, ഇടുക്കി ഹിൽവ്യൂ പാർക്ക്, മാട്ടുപ്പെട്ടി, അരുവിക്കുഴി എന്നിവിടങ്ങളിലും സന്ദർശകരുടെ പ്രവാഹമായിരുന്നു.
സഞ്ചാരികളുടെ വരവ്
രാമക്കൽമേട് – 1,43,480
പാഞ്ചാലിമേട് – 1,09,219
ശ്രീനാരായണപുരം – 85,375
ആമപ്പാറ – 71,264
ഇടുക്കി ഹിൽവ്യൂ പാർക്ക് – 67,370
മാട്ടുപ്പെട്ടി – 66,159
അരുവിക്കുഴി – 15,707