ഇബ്ര വിരമിക്കുന്നു

sp-ibra പാരീസ്: ഇത്തവണത്തെ യൂറോകപ്പിനു ശേഷം സ്വീഡന്‍ ഫുട്‌ബോള്‍ താരവും മുന്‍നിര കളിക്കാരനുമായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങുമെന്നു പ്രഖ്യാപിച്ചു. യൂറോ കപ്പിനു ശേഷമായിരിക്കും ഇബ്രയുടെ വിരമിക്കല്‍.ഗ്രൂപ്പ് ഇയില്‍ ബുധനാഴ്ച ബെല്‍ജിയവുമായിട്ടാണ് സ്വീഡന്റെ അവസാനത്തെ ലീഗ് മത്സരം. ഒരുപക്ഷേ, ഇതായിരിക്കും ഇബ്രയുടെ അവസാന മത്സരം. മികച്ച ടീമായ ബെല്‍ജിയത്തോടു മികച്ച വിജയം നേടിയാല്‍ മാത്രമേ സ്വീഡന്‍ നോക്കൗട്ടിലെത്തൂ.

ഫുട്‌ബോള്‍ മത്സരത്തിലൂടെ തന്റെ രാജ്യമായ സ്വീഡന്റെ കൊടി ഉയര്‍ത്താനുള്ള സാഹചര്യം ലഭിച്ചതില്‍ അങ്ങേയറ്റത്തെ സന്തോഷവും അതിലേറെ അഭിമാനവും ഉണെ്ടന്ന് ഇബ്രാഹിമോവിച്ച് പറഞ്ഞു.സ്വീഡനുവേണ്ടി 62 അന്താരാഷ്ട്ര ഗോള്‍ നേടിയ ഇബ്രാഹിമോവിച്ച് നിലവില്‍ പാരീസ് സാന്‍ ഷര്‍മെയ്ന്‍ താരമാണ്. സ്വീഡനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും മറ്റാരുമല്ല. 116 മത്സരങ്ങള്‍ സ്വീഡനു വേണ്ടി കളിച്ചിട്ടുള്ള ഇബ്ര ആന്ദ്രെ സ്വെന്‍സണിനു(148) താഴെ രണ്ടാമതാണ്.

34 കാരനായ ഇബ്രാഹിമോവിച്ചിന്റെ പ്രതിഫലം 18 മില്യന്‍ യൂറോയാണ്. സ്വീഡന്റെ ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ സീസണില്‍ ഇബ്ര മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായാണ് ഇബ്ര വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം നടക്കുന്ന ഒളിമ്പിക്‌സില്‍ ഇബ്ര കളിക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related posts