കമ്മട്ടിപ്പാടത്തെ ബാലേട്ടന്‍മാര്‍…! വൈക്കത്ത് ക്വട്ടേഷന്‍ സംഘങ്ങളെ കീഴടക്കിയത് സാഹസികമായ മല്‍പ്പിടിത്തത്തിനിടെ; തലവനെതിരേഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തു

ktm-arrestവൈക്കം: അടിപിടി, പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ ആക്രമണം തുടങ്ങിയ കേസുകളില്‍ പോലീസ് പിടികൂടിയ തലയാഴം സ്വദേശിയായ ഗുണ്ടാത്തലവന്‍ അഖിലി(ലങ്കോ – 23)നെതിരേ പോലീസ് ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തു. അഖിലിനെയും ഇയാള്‍ക്കൊപ്പം പിടിയിലായ സേതു (25), പ്രവീണ്‍ (20), വിനീഷ് (23) എന്നിവരെ ഇന്ന് റിമാന്‍ഡ് ചെയ്യും. ചെമ്മനത്തുകര ഐഎച്ച്ഡിപി കോളനിയിലെ ആളില്ലാത്ത വീട്ടില്‍ ഒളിച്ചിരുന്ന പ്രതികളെ എസ്‌ഐ എം. സാഹിലിന്റെ നേതൃത്വത്തില്‍ സാഹസികമായി മല്‍പ്പിടിത്തത്തിലൂടെയാണ് പിടികൂടിയത്. ബലപ്രയോഗത്തിനിടെ അഖിലിന്റെ കാലിനു പരിക്കേറ്റു.

ഉല്ലലയിലെ തട്ടുകട അടിച്ചുതകര്‍ക്കുകയും കടയുടമയെ മര്‍ദിച്ചതിലും കുഞ്ഞുമായി ബൈക്കില്‍ വന്ന ഗൃഹനാഥനെ തടഞ്ഞുനിര്‍ത്തി അകാരണമായി മര്‍ദിച്ച സംഭവത്തിലും അഖില്‍ പ്രതിയായിരുന്നു. ഏതാനും ദിവസം മുമ്പ് തലയാഴം സ്വദേശിയായ യുവാവിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തിരുന്നു. കാര്‍, ബൈക്ക് എന്നിവ മോഷ്ടിച്ച കേസില്‍ ഇതിനുമുമ്പ് ഇയാള്‍ പ്രതിയായിട്ടുണ്ട്.

സംഘാംഗങ്ങളുമായി ബൈക്കില്‍ പോകുമ്പോള്‍ റോഡില്‍ വടിവാള്‍ ഉരസി തീ പാറിച്ച് ഇയാളും കൂട്ടാളികളും നാട്ടുകാരെ ഭയപ്പെടുത്തിയിരുന്നു. തലയാഴം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന അഖില്‍ കഞ്ചാവ് വില്‍പ്പനയും ക്വട്ടേഷന്‍ ആക്രമണങ്ങളും തുടങ്ങിയിരുന്നതായി പോലീസ് അറിയിച്ചു. രണ്ടു കിലോമീറ്ററോളം ദൂരം വാഹനം ഉപേക്ഷിച്ച് പോലീസ് നടന്നെത്തിയാണ് പ്രതികളെ വീട് വളഞ്ഞ് പിടികൂടിയത്. സംഘത്തിലെ ഒരാള്‍ കരിയാറില്‍ ചാടി രക്ഷപ്പെട്ടു. എസ്‌ഐ എം.സാഹില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി. സന്തോഷ്, ബിനില്‍, ഷൈന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.്

Related posts