കൊണ്ടോട്ടി: കൊറോണയെ തുടർന്ന് രണ്ടാഴ്ചത്തേക്കാണ് താൽക്കാലികമായി വിസകൾക്ക് സൗദി നിയന്ത്രണം ഏർപ്പെടുത്തിയത്. ഉംറ വിസ നിർത്തിവച്ചതോടെ പ്രതിസന്ധിയിലായത് ഉംറ വിസ സ്റ്റാന്പിംഗ് പതിച്ച് യാത്രക്ക് ഒരുങ്ങുന്ന ആയിരങ്ങളാണ്.
ഉംറ വിസക്ക് ഒരുമാസത്തിനാണ് വിസ അനുവദിക്കുന്നത്. വിസ പതിച്ച് 15 ദിവസത്തിനുളളിൽ യാത്ര തിരിക്കുകയും വേണം. അല്ലാത്ത പക്ഷം യാത്ര തടസപ്പെടും.
സ്റ്റാന്പിംഗ് നടത്തിയ ദിവസം മുതലാണ് തീർഥാടന കാലാവധി കണക്കാക്കുന്നത്. ഇന്നലെ വിമാനത്താവളങ്ങളിൽ മടങ്ങിയവരും വരും ദിവസങ്ങളിൽ പോകാൻ തയാറെടുക്കുന്നവരുമായ ആയിരങ്ങളാണുള്ളത്. ഇവരുടെ കാര്യത്തിൽ ആശങ്കയാണുളളത്.
ഏപ്രിൽ മാസത്തോടെ വിമാന ടിക്കറ്റ് നിരക്ക് വേനലവധി മുൻനിർത്തി വർധിക്കുമെന്നതിനാൽ കൂടുതൽ പേർ തീർഥാടനത്തിനു പോകുന്ന സമയമാണിത്.
കാലാവധി തീരുന്ന ഉംറ വിസകൾ എകസ്ചേഞ്ച് ചെയ്യാൻ സൗദിയിലെ ഉംറ കന്പനികൾ മുഖേന സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിൽ സമ്മർദം ചെലുത്തുകയാണ് ട്രാവൽ ഗ്രൂപ്പ് ഏജൻസികൾ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ യാത്രയാവുന്നത് കേരളത്തിൽ നിന്നാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ യാത്രയാകുന്നത് കരിപ്പൂരിൽ നിന്നും. അതേസമയം കൊറോണ ബാധയെ തുടർന്ന് ടൂറിസ്റ്റ് വിസകൾ റദ്ദാക്കിയ ഏഴു രാജ്യങ്ങളിൽ ഇന്ത്യയില്ല.
കൊറോണ ബാധയിൽ മരണങ്ങളും കെടുതികളും ഏറെയുണ്ടായ ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, കസാക്കിസ്ഥാൻ എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്കുളളത്. ഇവിടെങ്ങളിൽ നിന്നുളളവർക്കുള്ള വിസകൾ സൗദി മരവിപ്പിച്ചിരിക്കുകയാണ്.
മറ്റു രാജ്യങ്ങളിൽ നിന്നുളളവർക്ക് അനുമതിയുണ്ടെങ്കിലും മക്ക, മദീന സ്ഥലങ്ങളിലേക്ക് പ്രവേശനമുണ്ടാകില്ല. ഉംറ തീർഥാടകർക്ക് മുഴുവൻ രാജ്യങ്ങളിൽ നിന്നു വിലക്കുണ്ട്.
രണ്ടാഴ്ചത്തോക്കാണ് വിലക്ക്. അതേ സമയം ഫാമിലി വിസയിൽ കഴിയുന്നവർ സൗദി വിട്ട ശേഷം തിരിച്ചെത്തുന്നതിനു തടസമില്ല. വിസയുടെ കാലാവധിയുളളത് വരെ സൗദിയിലെത്താം.
എന്നാൽ സൗദിയിലെത്തുന്നതിനു മുന്പുള്ള രണ്ടാഴ്ചക്കിടെ കൊറോണ ബാധിത പ്രദേശങ്ങൾ ഇവർ സന്ദർശിക്കാൻ പാടില്ല. കൊറോണ പ്രദേശങ്ങൾ സന്ദർശിച്ചെന്ന് വ്യക്തമായാൽ ഇവരെയും വിമാനത്താവളത്തിൽ തടയും.