കോട്ടയം: ബസ് ഓട്ടം നിലച്ചിട്ട് 50 ദിവസം. ഇത്രയേറെക്കാലം തുടർച്ചയായി നിരത്തുകളിൽ സർവീസ് ബസുകൾ ഓടാതിരുന്ന കാലം ഓർമയിലില്ല.
കഴിഞ്ഞ മഹാപ്രളയത്തിലും ബസുകൾ അനന്തകാലത്തോളം ഓടാതെ കിടന്നില്ല. പ്രളയത്തിൽ റോഡ് മുറിഞ്ഞും ഒലിച്ചുംപോയതിനാൽ ഇടുക്കി ജില്ലയിൽ ഒരു മാസം വരെ ബസുകൾ ഓടാതെ വന്ന റൂട്ടുകളുണ്ട്.
നിലവിൽ കൊറോണ ലോക്ക് ഡൗണ്‍ അനന്തമായി നീളുന്നതിനാൽ കാലപ്പഴക്കം ചെന്നതും ഓട്ടം നിലച്ചതുമായ ബസുകളുടെ ബാറ്ററി ഉപയോഗശൂന്യമായിക്കഴിഞ്ഞു.
ലോക്ക് ഡൗണിനുശേഷം നിരത്തിലിറങ്ങാൻ 13000 രൂപ മുടക്കിൽ പുതിയ ബാറ്ററി വാങ്ങണം. ബിഎസ് 3 മോഡൽ പുതിയ ബസുകളുടെ ബ്രേക്ക് സംവിധാനം അപ്പാടെ തകർന്ന സ്ഥിതിയിലാണ്.
ഓടാതെ കിടന്നു ജാമായ ബ്രേക്ക് അഴിച്ചു പണിയണം. യന്ത്രഭാഗങ്ങളിൽ പലതിനും തുരുന്പെടുത്തു തുടങ്ങി. ടയറുകൾ ഉറഞ്ഞു കീറി. ഓട്ടം തുടങ്ങിയാൽതന്നെ പഴക്കം ചെന്ന ടയർ വിള്ളുകയോ പൊട്ടുകയോ ചെയ്യാം.
ഫിറ്റ്നസ് ഉറപ്പാക്കിയശേഷമേ ബസുകൾ ഇനി നിരത്തിലിറക്കാനാകൂയെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു. സ്വകാര്യ ബസുകൾ സ്റ്റാർട്ട് ചെയ്തും അൽപം ദൂരം ഓടിച്ചും യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്നു.