ഹരിപ്പാട്: സമൂഹ മാധ്യമങ്ങളിൽ വഴി നാട്ടിലെത്താൻ സഹായമഭ്യർത്ഥിച്ചു പ്രവാസി. കാർത്തികപ്പള്ളി മഹാദേവികാട് പുത്തൂർ തറയിൽ ജയൻ യശോധരൻ ആണ് നിയമ തടസങ്ങൾ മൂലം നാട്ടിലേക്ക് വരാനാവാതെ കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നാട്ടിലെത്താൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങിക്കിടക്കുകയാണെന്നും തിരികെ നാട്ടിലെത്താനുള്ള സഹായം ചെയ്തു തരണമെന്നും അപേക്ഷിച്ചു കൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ കാണുന്നത്.
കഴിഞ്ഞ 15 വർഷങ്ങളായി ജയൻ കുവൈറ്റിൽ ജോലി ചെയ്തുവരികയാണ്. ഇതിനിടയിൽ 2013ൽ കുവൈറ്റിൽ തന്റെ സുഹൃത്തിനു വാഹനം എടുക്കുന്നതിനു വേണ്ടി ജാമ്യം നിന്നപ്പോൾ മുതലാണ് ദുരിതങ്ങൾ ആരംഭിച്ചത്.
സുഹൃത്ത് നിരവധി സാമ്പത്തിക കേസുകളിൽ പെട്ടിട്ടുള്ള വ്യക്തിയായിരുന്നു. തുടർന്ന് മൂന്നു വർഷത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു. ഈ വ്യക്തി ഇപ്പോൾ നാട്ടിലാണ്.
ജാമ്യം നിന്നതുമായി ബന്ധപ്പെട്ട് ജയന്റെ യാത്രാ അനുമതി റദ്ദാക്കി. 2019 സെപ്റ്റംബറിൽ ജയന്റെ ജോലി നഷ്ടമായി. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
ഇതിനിടയിൽ പക്ഷാഘാതത്തെ തുടർന്ന് ഏറെ നാൾ ആശുപത്രിയിലും കഴിയേണ്ടി വന്നു. കഴിഞ്ഞ ഒമ്പത് മാസമായി നാട്ടിലേക്ക് വരുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. 2017 ലാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്.
ഭാര്യ സ്മിതയും അമ്മ ഓമനയും മാത്രമാണ് വീട്ടിലുള്ളത്. ഇവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കേന്ദ്രസഹമന്ത്രി വി മുരളീധരനും ഇതുസംബന്ധിച്ച് പരാതികൾ നൽകിയിട്ടുണ്ട്.