തിരുവനന്തപുരം: പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേ പ്രതിപക്ഷ നേതാവിന്റെ ഉപവാസ സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റ് പടിക്കലാണ് ഉപവാസ സമരം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. പ്രവാസികളായ ലക്ഷോപലക്ഷം സഹോദരങ്ങള്‍ ദുഃഖത്തിലും പ്രയാസത്തിലുമാണ്. ഞങ്ങള്‍ ഒറ്റപ്പെട്ടു പോയി എന്ന അന്യതാബോധത്തിലാണ് പ്രവാസികള്‍.
പ്രവാസികളുടെ പ്രശ്നങ്ങൾ ലാഘവബുദ്ധിയോടെ നോക്കിക്കാണാവുന്ന ഒന്നല്ല. പ്രവാസികളുടെ പ്രധാന ആവശ്യം അവര്‍ക്ക് നാട്ടിലെത്തുകയെന്നതാണ്. പിറന്നമണ്ണിലേക്ക് തിരികെ പോരാനുള്ള അവകാശം നിഷേധിക്കരുതെന്നാണ് അവരുടെ ആവശ്യം. കേരളത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം പ്രവാസി മലയാളികളാണ്.
അപ്പോള്‍ ആ പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതിരിക്കുന്നത് ക്രൂരതയാണ്. കേരള സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേയില്‍ 19,99,000 കോടി രൂപ കേരളത്തിലേക്ക് പ്രവാസികളില്‍ നിന്നു വന്നിട്ടുണ്ടെന്നു വിവരിക്കുന്നു.
മുഖ്യമന്ത്രി ഗള്‍ഫ് നാട് സന്ദര്‍ശിച്ചപ്പോള്‍ എല്ലാം മറന്ന് അവര്‍ക്കു സ്വീകരണം നല്കി. അപ്പോള്‍ മുഖ്യമന്ത്രിയുടെ ആവശ്യമായിരുന്നു പ്രളയാനന്തര കേരളത്തിന് സഹായം നല്‍കണമെന്നത്. അപ്പോള്‍ തന്നെ അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കി.
തുടക്കം മുതല്‍ പ്രവാസികളോട് ക്രൂരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചു വന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിനെ എങ്ങനെ തുരങ്കം വെയ്ക്കാമെന്ന ഗവേഷണം മുഖ്യമന്ത്രി നടത്തി.
ശതകോടീശ്വരന്മാരുടെ തടവറയിലാണ് മുഖ്യമന്ത്രി. മാര്‍ച്ച് 11 നു മുഖ്യമന്ത്രി നടത്തിയ പ്രസംഗം അദ്ദേഹം മറന്നുപോയോ. നിയമസഭയില്‍ പാസാക്കിയ പ്രമേയം മുഖ്യമന്ത്രി മറന്നുപോയോ. അന്ന് വികാരപ്രകടനം നടത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ നിലപാട് മാറ്റി. ക്രൂരമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴുള്ള നിലപാടെന്നും മുല്ലപള്ളി കൂട്ടിച്ചേര്‍ത്തു.
ആയിരക്കണക്കിനു വരുന്ന പ്രവാസകളുടെ ദീനരോദനമാണ് ഓരോദിവസവും കേള്‍ക്കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതുമൂലമാണ് കോവിഡിനിടയിലും ഇത്തരമൊരു സത്യഗ്രഹം വേണമെന്നു തീരുമാനിച്ചത്. മലയാളി എന്നും പ്രവാസി ആയിരുന്നു.
അവരുടെ സമ്പാദ്യമാണ് കേരളത്തെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തു നിര്‍ത്തിയത്. പ്രളയമുണ്ടായാലും നിപ്പയുണ്ടായാലും ആദ്യം മുന്നോട്ടു സഹായവുമായി വരുന്നത് പ്രവാസികളാണ്. എന്നാല്‍ അവര്‍ക്ക് ഒരു പ്രശ്നം വന്നപ്പോള്‍ അവര്‍ക്കുമുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ വാതില്‍ കൊട്ടിയടച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, വി.കെ ശ്രീകണ്ഠന് എംപി, എംഎല്‍എമാരായ കെ.സി ജോസഫ്, ഷാനിമോള്‍ ഉസ്മാന്, വിഎസ്ശിവകുമാര്‍, അനൂപ് ജേക്കബ്, എം. വിന്‍സെന്റ് കെ.എസ്. ശബരീനാഥ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.